മോന്‍സണുമായി പണമിടപാടില്ല; വീട്ടില്‍ പോയത്
കണ്ണിന്റെ പ്രശ്നത്തിന്: സുധാകരന്‍
കണ്ണൂര്‍: മോന്‍സണ്‍ മാവുങ്കലുമായി തനിക്ക് പണമിടപാടില്ലെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. തന്റെ പേര് പറഞ്ഞ് തട്ടിപ്പ് നടത്തിയെങ്കില്‍ മോന്‍സണിനെതിരെ നിയമനടപടി സ്വീകരിക്കും. ഇക്കാര്യത്തില്‍ തനിക്ക് ജാഗ്രതക്കുറവ് ഉണ്ടായിട്ടില്ല. ആരോപണങ്ങള്‍ ഉയരുന്നത് പോലെ മോന്‍സണിന്റെ വീട്ടില്‍ താമസിച്ചിട്ടില്ല. കണ്ണിന്റെ പ്രശ്നത്തിനാണ് മോന്‍സണിന്റെ വീട്ടില്‍ പോയതെന്നും ചികിത്സയ്ക്ക് പോയപ്പോള്‍ അനൂപിനെ കണ്ടിട്ടുണ്ടെന്നും കെ സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു
പല ഉന്നതരുടെയും പേരുകള്‍ മോന്‍സണുമായി ബന്ധമുണ്ടെന്ന തരത്തില്‍ പുറത്തുവന്നു. ഇതൊന്നും അന്വേഷിക്കാത്തത് എന്താണ്. സിപിഎം ഇതില്‍ രാഷ്ട്രീയം കലര്‍ത്തുകയാണ്. തന്നെ രാഷ്ട്രീയമായി ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നതിന്റെ ഭാഗമാണ് ഇതെല്ലാം... ഡിജിപിയും ചീഫ് സെക്രട്ടറിയും അടക്കമുള്ളവര്‍ മോന്‍സണിനെ കാണാന്‍ പോയതെന്തിനാണ്? മോന്‍സണ് പൊലീസ് സംരക്ഷണം ഒരുക്കിയതെന്തിനാണ്. ഇതൊക്കെ മുഖ്യമന്ത്രി ചോദിക്കാത്തത് എന്തുകൊണ്ടാണെന്നും കെ സുധാകരന്‍ കുറ്റപ്പെടുത്തി.
'പിണറായി വിജയനെതിരെ താന്‍ അങ്കം അവസാനിപ്പിച്ചതാണ്. പുതിയ സാഹചര്യത്തില്‍ അതിനെക്കുറിച്ച് ആലോചിക്കേണ്ടിവരും. കോണ്‍ഗ്രസിന്റെ തിരിച്ചുവരവ് സിപ്ിഎം ഭയക്കുന്നുണ്ടെന്നു പറഞ്ഞ സുധാകരന്‍ ബെന്നി ബെഹന്നാന്‍ നടത്തിയ പരാമര്‍ശത്തിന് താന്‍ മറുപടി പറയില്ലെന്നും പറഞ്ഞു.
അതേസമയം സുധാകരന്‍ മോന്‍സണിന്റെ അടുത്ത് ചികിത്സ തേടിയത് ശാസ്ത്രബോധത്തിന്റെ കുറവുകൊണ്ടാണെന്ന് സിപിഐഎം ആക്ടിങ് സെക്രട്ടറി എ വിജയരാഘവന്‍ വിമര്‍ശിച്ചു. അന്വേഷണത്തിലൂടെ യാഥാര്‍ത്ഥ്യം വ്യക്തമാകണമെന്നും വിജയരാഘവന്‍ പറഞ്ഞു.