കൊച്ചി: ബലാത്സംഗ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് തത്കാലത്തേക്ക് തടഞ്ഞ് ഹൈക്കോടതി. വിശദമായ വാദം കേട്ട ശേഷം തീരുമാനമെന്ന് വ്യക്തമാക്കിയാണ് കോടതി വരുന്ന 15ാം തീയതിയിലേക്ക് കേസ് മാറ്റിയത്. വിശദമായ വാദം കേള്‍ക്കണമെന്നും അറസ്റ്റ് തടയരുതെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടെങ്കിലും കോടതി പരിഗണിച്ചില്ല.
യുവതിയെ ബലാത്സംഗം ചെയ്ത് നിര്‍ബന്ധിച്ച് ഗര്‍ഭച്ഛിദ്രം നടത്തിയെന്നാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ കേസ്. പരാതി നല്‍കാനുണ്ടായ കാലതാമസം, പരാതി നേരിട്ട് മുഖ്യമന്ത്രിക്ക് നല്‍കിയത് രാഷ്ട്രീയ പ്രേരിതം എന്നീ ആരോപണങ്ങള്‍ ഉന്നയിച്ചാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ ഹൈക്കോടതിയെ സമീപിച്ചത്. പരസ്പര സമ്മതതോടെയുള്ള ബന്ധത്തില്‍ വിള്ളലുണ്ടാകുമ്പോള്‍ ബലാത്സംഗ പരാതി ഉന്നയിക്കുന്നത് അനുചിതമെന്ന സുപ്രീം കോടതി വിധിന്യായങ്ങള്‍ ഉള്‍പ്പടെ ചൂണ്ടിക്കാട്ടി 57 പേജുള്ള ഹര്‍ജിയാണ് കോടതിക്ക് മുന്നിലെത്തിയത്.
ജസ്റ്റിസ് കെ ബാബു മുന്‍പാകെ 32ാമതായി ലിസ്റ്റ് ചെയ്ത് കേസ് ആദ്യം പരിഗണിക്കണമെന്ന് പ്രതിഭാഗം അഭിഭാഷകന്‍ ആവശ്യപ്പെട്ടു. മുന്‍കൂര്‍ ജാമ്യാപേക്ഷയുടെ ആദ്യ സിറ്റിംഗില്‍ വാദം കേള്‍ക്കാതെ സംസ്ഥാന സര്‍ക്കാരിന്റെ വിശദീകരണം തേടുന്നതാണ് പതിവ്. ഇത് ഒഴിവാക്കാനായിരുന്നു പ്രതിഭാഗം അഭിഭാഷകന്റെ നീക്കം. സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനും നേരിട്ട് ഹാജരായി. കേസില്‍ വിശദമായി വാദം കേള്‍ക്കണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടു. തയ്യാറെന്ന് സര്‍ക്കാരും. എന്നാല്‍ ഹര്‍ജിയില്‍ പറയുന്നത് ഗുരുതര സ്വഭാവമുള്ള ആരോപണങ്ങളാണെന്നും വിശദമായ വാദം ആവശ്യമെന്നും ഹൈക്കോടതി നിലപാടെടുത്തു.
കേസ് വരുന്ന 15ാം തീയതി തിങ്കളാഴ്ച പരിഗണിക്കാമെന്ന് കോടതി. അത് വരെ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റും കോടതി തടഞ്ഞു. എന്നാല്‍ ഇന്ന് തന്നെ വിശദമായ വാദം കേള്‍ക്കണമെന്നും അറസ്റ്റ് തടയരുതെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. എന്നാല്‍ കോടതി ഇതിന് തയ്യാറായില്ല. ഉഭയകക്ഷി സമ്മതപ്രകാരമുള്ള ബന്ധമാണെന്നതടക്കം ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഭരണഘടനസ്ഥാപനമായ കോടതിക്ക് മുന്നിലാണ് ഗുരുതര സ്വഭാവമുള്ള ഹര്‍ജി എത്തിയിരിക്കുന്നത്. ഇക്കാര്യത്തില്‍ കൂടുതല്‍ ഒന്നും താന്‍ ഈ ഘട്ടത്തില്‍ പറയുന്നില്ല. കേസില്‍ മുന്‍വിധിയില്ല. തീരുമാനമെടുക്കാന്‍ വിശദമായ വാദം ആവശ്യമാണെന്നും പതിനഞ്ചാം തിയതി കേള്‍ക്കാമെന്നും കോടതി ആവര്‍ത്തിച്ചു.
തിരുവനന്തപുരം നേമം സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത ആദ്യ കേസില്‍ തിരുവനന്തപുരം സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം തള്ളിയതോടെയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ ഹൈക്കോടതിയിലെത്തിയത്. എന്നാല്‍ ബെംഗളൂരുവില്‍ താമസമാക്കിയ 23 വയസ്സുകാരി നല്‍കിയ പരാതിയിലും രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പ്രത്യേക അന്വേഷണ സംഘം കേസെടുത്തിട്ടുണ്ട്. രണ്ടാമത്തെ കേസിന്റെ വിശദാംശങ്ങളൊന്നും ഇന്ന് ഹൈക്കോടതിയുടെ പരിഗണനയില്‍ വന്നിട്ടില്ല. നിലവിലെ ഹൈക്കോടതി ഇടക്കാല ഉത്തരവ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആദ്യ കേസില്‍ മാത്രമാകും ബാധകമാവുക.