സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച സന്നദ്ധസേനയുടെ ബ്രാന്‍ഡ് അംബാസഡറായി ടൊവിനോ തോമസിനെ നിയമിച്ചു
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച സന്നദ്ധസേനയുടെ ബ്രാന്‍ഡ് അംബാസഡറായി നടന്‍ ടൊവിനോ തോമസിനെ നിയമിച്ചു. പ്രളയ കാലത്ത് രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കുചേര്‍ന്ന് സമൂഹത്തിനു മാതൃകയായി മാറിയ വ്യക്തികളിലൊരാളാണ് ടൊവിനോ തോമസ്. അദ്ദേഹത്തിന്റെ സാന്നിധ്യം കൂടുതല്‍ ആളുകളിലേയ്ക്ക് എത്തിക്കാന്‍ സഹായകരമാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ് ബുക്കില്‍ കുറിച്ചു.
പ്രകൃതിക്ഷോഭങ്ങളും മഹാമാരികളും തീര്‍ത്ത വെല്ലുവിളികളെ മറികടന്ന ജനതയാണ് നമ്മള്‍. ഒത്തൊരുമയോടെയും ദൃഢനിശ്ചയത്തോടെയും തങ്ങളുടെ സഹജീവികളുടെ നന്മയ്ക്കും സുരക്ഷയ്ക്കുമായി പ്രവര്‍ത്തിക്കാന്‍ സന്നദ്ധരായി മുന്നോട്ടു വന്ന മനുഷ്യരാണ് ഈ സമയത്ത് കാവലായി മാറിയത്. കൊവിഡ് കാലത്തും സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം പകര്‍ന്ന് നിരവധി ആളുകളാണ് അണി ചേര്‍ന്നത്.
ഇത്തരം സന്നദ്ധ സേവന പ്രവര്‍ത്തനത്തിന് കൂടുതല്‍ ആളുകള്‍ മുന്നോട്ടു വരാനും പ്രവര്‍ത്തിക്കാനുമുള്ള ഒരു സംവിധാനം രൂപീകരിക്കുവാനാണ് സംസ്ഥാന സര്‍ക്കാര്‍ സാമൂഹിക സന്നദ്ധ സേന രൂപീകരിച്ചത്. ഭാവിയിലുണ്ടായേക്കാവുന്ന പ്രതിസന്ധി ഘട്ടങ്ങളെ മറികടക്കാന്‍ ഇത്തരമൊരു സന്നദ്ധ സേന നമുക്ക് വലിയ മുതല്‍ക്കൂട്ടായി മാറും.
സാമൂഹ്യ സേവനത്തിന്റെ ഈ മഹത് സന്ദേശം അവരിലേയ്ക്ക് പകരാനും, സന്നദ്ധ സേനയുടെ ഭാഗമാകാന്‍ അവരെ പ്രചോദിപ്പിക്കാനുമായി മലയാളികളുടെ പ്രിയപ്പെട്ട ചലച്ചിത്ര നടന്മാരിലൊരാളായ ടൊവിനോ തോമസ് മുന്നോട്ടു വന്നിരിക്കുകയാണ്.അദ്ദേഹത്തിന്റെ സാന്നിധ്യം കൂടുതല്‍ ആളുകളിലേയ്ക്ക് സന്നദ്ധ സേനയുടെ സന്ദേശമെത്തികാന്‍ സഹായകരമാകും. സാമൂഹിക സന്നദ്ധ സേനയ്ക്കും ടൊവിനോ തോമസിനും ഹൃദയപൂര്‍വം ഭാവുകങ്ങള്‍ നേരുന്നു'. -മുഖ്യമന്ത്രി തന്റെ ഔദ്യോഗിക ഫേസ്ബുക്കില്‍ കുറിച്ചു