ന്യൂഡല്‍ഹി: രാജ്യം സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ക്ക് ഒരുങ്ങുമ്പോള്‍ സ്വന്തം മകള്‍ക്കായി രാജ്യ തലസ്ഥാനത്ത് ഒരമ്മ സമരമിരിക്കുന്നു. ജര്‍മനിയില്‍ അധികൃതര്‍ സംരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയ മകള്‍ക്ക് ഇന്ത്യന്‍ വംശജര്‍ക്കൊപ്പം സ്വാതന്ത്ര്യ ദിനാഘോഷങ്ങളില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കണമെന്നാണ് ധാരാ ഷാ എന്ന ഈ അമ്മയുടെ ആവശ്യം. ജന്തര്‍മന്തറില്‍ ചില സാമൂഹിക പ്രവര്‍ത്തകരാണ് ഇവര്‍ക്ക് പിന്തുണ നല്‍കുന്നത്.
മകള്‍ക്കായി കഴിഞ്ഞ 20 മാസത്തിലേറെയായി കാത്തിരിക്കുകയാണ് ധാര ഷാ എന്ന ഈ അമ്മ. ജോലിയുടെ ഭാഗമായി 2018ലാണ് ധാരയും ഭര്‍ത്താവ് ഭാവേഷും ജര്‍മ്മനിയിലെത്തുന്നത്. 2021ലാണ് മകളുടെ ജനനം. ഏഴു മാസം പ്രായമുളളപ്പോള്‍ കുട്ടിയുടെ സ്വകാര്യ ഭാഗത്ത് മുറിവുണ്ടായി. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മുറിവ് ലൈംഗിക അതിക്രമത്തിന്റെ സൂചനയാണെന്ന് കാട്ടി ഡോക്ടര്‍ പൊലീസില്‍ അറിയിച്ചു. തുടര്‍ന്ന് ദമ്പതികള്‍ക്കെതിരെ കേസെടുത്ത് കുട്ടിയുടെ സംരക്ഷണം ജര്‍മ്മന്‍ അധികൃതര്‍ ഏറ്റെടുത്തു.
എന്നാല്‍ ലൈംഗികാതിക്രമം നടന്നെന്ന് യാതൊരു തെളിവുമില്ല. മകളെ വിട്ടുകിട്ടാന്‍ അന്നുമുതല്‍ ശ്രമിക്കുകയാണ് ഇവര്‍. ഇന്ത്യന്‍ പൗരന്‍ എന്ന നിലയിലുളള കുട്ടിയുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണമെന്നും ഈ സ്വാതന്ത്ര്യ ദിനമെങ്കിലും ജര്‍മ്മനിയിലെ ഇന്ത്യന്‍ സമൂഹത്തോടൊപ്പം ആഘോഷിക്കാന്‍ മകളെ അനുവദിക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. കുട്ടിയെ കാണാനോ വീഡിയോ കോള്‍ ചെയ്യാനോ അനുവദിക്കുന്നില്ല. ഇത് കുട്ടിയെ മാനസികമായി ബാധിക്കുന്നുണ്ടെന്ന് ധാരാ ഷാ പറയുന്നു. കുട്ടിയെ വിട്ടുകിട്ടാനുളള ചര്‍ച്ചകള്‍ ജര്‍മ്മന്‍ അധികൃതരുമായി തുടരുകയാണെന്ന് വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി അറിയിച്ചു. 19 രാഷ്ട്രീയ പാര്‍ട്ടികളുടെ എംപിമാര്‍ ഇതേ ആവശ്യം ഉന്നയിച്ച് മുന്‍പ് ജര്‍മ്മന്‍ അംബാസഡര്‍ക്ക് കത്തയച്ചെങ്കിലും ഫലമുണ്ടായില്ല.
രാജ്യം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന ഈ വേളയിലും തന്റെ മകള്‍ക്ക് വേണ്ടി പോരാടുകയാണ് ഈ അമ്മ. അവള്‍ക്കുവേണ്ടി അവര്‍ മുട്ടാത്ത വാതിലുകള്‍ ഇല്ല. വൈകാതെ തങ്ങളുടെ പൊന്നോമന തങ്ങളുടെ പക്കിലെത്തുമെന്നപ്രതീക്ഷയിലാണ് ആ ദമ്പതികള്‍.