ലഖ്‌നൗ: തകര്‍ന്നടിഞ്ഞ് നിലംപരിശായിരിക്കയാണ് യുപിയില്‍ കോണ്‍ഗ്രസ്,. കോണ്‍ഗ്രസ്. രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനം ദശകങ്ങളോളം ഭരിച്ച കോണ്‍ഗ്രസിന് ഏറ്റവുമൊടുവില്‍ അവിടെ കിട്ടിയ വോട്ട് വെറും 2.4 ശതമാനം മാത്രമാണ്. ഉത്തര്‍പ്രദേശിലെ ചെറുരാഷ്ട്രീയപാര്‍ട്ടിയായ രാഷ്ട്രീയലോക്ദളിനേക്കാള്‍ വോട്ട് കുറവാണ് ഇത്തവണ കോണ്‍ഗ്രസിന് കിട്ടിയത്. ജയന്ത് ചൗധരി നയിച്ച ആര്‍എല്‍ഡിക്കു പോലും 2.9% വോട്ടുകള്‍ കിട്ടി. ആകെ മത്സരിച്ച 399 സീറ്റുകളില്‍ 387 സീറ്റുകളിലും കോണ്‍ഗ്രസിന് കെട്ടിവച്ച കാശ് പോയി എന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റിലെ കണക്ക്.
പരമദയനീയമായ സ്ഥിതിയിലേക്ക് കൂപ്പുകുത്തിയ മറ്റൊരു പാര്‍ട്ടി മായാവതിയുടെ ബിഎസ്പിയാണ്. ഒരു പാര്‍ട്ടിയുമായും സഖ്യത്തിന് പോകാതെ ഒറ്റയ്ക്ക് 403 സീറ്റുകളിലും മത്സരിച്ച ബിഎസ്പിയുടെ 290 സ്ഥാനാര്‍ത്ഥികള്‍ക്കും കെട്ടിവച്ച കാശ് പോയി.
ഒന്നിന് പിന്നാലെ ഒന്നായി ഓരോ തെരഞ്ഞെടുപ്പിലും പാര്‍ട്ടി തോറ്റ് തുന്നം പാടുമ്പോള്‍ നേതൃത്വം മാറിയേ തീരൂ എന്ന ആവശ്യം ശക്തമാക്കുകയാണ് ഗ്രൂപ്പ് 23 നേതാക്കള്‍. കപില്‍ സിബല്‍, ആനന്ദ് ശര്‍മ്മ, ഭൂപേന്ദ്രഹൂഡ, മനീഷ് തിവാരി എന്നീ നേതാക്കളാണ് അഞ്ച് സംസ്ഥാനങ്ങളിലെ തോല്‍വിക്ക് പിന്നാലെ മുതിര്‍ന്ന നേതാവ് ഗുലാംനബി ആസാദിന്റെ ദില്ലിയിലെ വീട്ടില്‍ ഒത്തു കൂടിയത്.
അധ്യക്ഷ സ്ഥാനം ഒഴിഞ്ഞാല്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗലോട്ടിനെ ആ സ്ഥാനത്തേക്ക് കൊണ്ടുവരാനും മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവാക്കാനുമാണ് നെഹ്‌റു കുടുംബത്തിന്റെ ആലോചന. ഈ ഫോര്‍മുല അംഗീകരിക്കേണ്ടതില്ലെന്നും ഗ്രൂപ്പ് 23 തീരുമാനിച്ചു. സംഘടന ജനറല്‍ സെക്രട്ടറി സ്ഥാനത്തും അഴിച്ചുപണി വേണമെന്ന് ജി 23 നേതാക്കള്‍ ആവശ്യപ്പെടുന്നു. പഞ്ചാബിലെ തോല്‍വിയടക്കം ചൂണ്ടിക്കാട്ടി പ്രവര്‍ത്തക സമിതിയില്‍ കെ സി വേണുഗോപാലിനെതിരെ നിലപാട് ശക്തമാക്കാനാണ് ഗ്രൂപ്പ് 23-യുടെ തീരുമാനം.