കോഴിക്കോട് : പത്രപ്രവര്‍ത്തക ക്ഷേമ പെന്‍ഷന്‍ അവകാശ പെന്‍ഷനാക്കുന്നതിനുള്ള നിയമനിര്‍മ്മാണത്തെ പിന്തുണക്കുമെന്നു സംസ്ഥാന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. നിയമസഭയില്‍ ഇത് സംബന്ധിച്ച് ബില്ല് വന്നാല്‍ പ്രതിപക്ഷം പിന്തുണക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ വെച്ച് സീനിയര്‍ ജേണലിസ്റ്റ്‌സ് ഫോറം ഭാരവാഹികളുമായുള്ള ചര്‍ച്ചയിലാണു പ്രതിപക്ഷ നേതാവ് ഇക്കാര്യം പറഞ്ഞത്. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരുടെ അടിയന്തരാവശ്യങ്ങള്‍ പരിഹരിക്കുന്നതിനു എല്ലാവിധത്തിലുള്ള സഹായ സഹകരണങ്ങളും ഉണ്ടാവുമെന്നു പ്രതിപക്ഷ നേതാവ് അറിയിച്ചു.
മാധ്യമ സമൂഹം നേരിടുന്ന പ്രതിസന്ധിയും മാധ്യമപ്രവര്‍ത്തകരുടെ ആവശ്യങ്ങളും ഫോറം ഭാരവാഹികള്‍ പ്രതിപക്ഷ നേതാവിന്റെ മുമ്പില്‍ അവതരിപ്പിച്ചു. മാധ്യമങ്ങളും സമൂഹവും എന്ന വിഷയത്തെക്കുറിച്ച് ഫോറം തിരുവനന്തപുരത്ത് നടത്തിയ വട്ടമേശ സമ്മേളനത്തില്‍ അവതരിപ്പിച്ച രൂപരേഖയും മറ്റ് രേഖകളും പ്രതിപക്ഷ നേതാവിനു ഫോറം സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി. വിജയകുമാര്‍ കൈമാറി. വട്ടമേശ സമ്മേളനത്തില്‍ ഉയര്‍ന്നുവന്ന ആവശ്യങ്ങളും നിര്‍ദ്ദേശങ്ങളും പ്രതിപക്ഷ നേതാവിന്റെ ശ്രദ്ധയില്‍പ്പെടുത്തി.
ഫോറം സംസ്ഥാന ട്രഷറര്‍ സി.അബ്ദുറഹിമാന്‍, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഹരിദാസന്‍ പാലയില്‍, എം. സുധീന്ദ്രകുമാര്‍, സി.പി.എം. സെയ്ദ് അഹമ്മദ്,വയനാട് ജില്ലാ സെക്രട്ടറി പി.കെ. അബ്ദുള്‍ അസീസ്, മലപ്പുറം ജില്ലാ സെക്രട്ടറി എന്‍.വി. മുഹമ്മദാലി, കോഴിക്കോട് ജില്ലാ സെക്രട്ടറി എം. ജയതിലകന്‍, ജില്ലാ ജോയന്റ് സെക്രട്ടറി അശോക് ശ്രീനിവാസ്, കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സെക്രട്ടറി അഞ്ജനാ ശശി, കാലിക്കറ്റ് പ്രസ് ക്ലബ്ബ് പ്രസിഡന്റ് ഇ.പി. മുഹമ്മദ്, സെക്രട്ടറി പി.കെ. സജിത് എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു .