സെസി സേവ്യറിനെതിരെ ലുക്കൗട്ട് നോട്ടിസ്
ചേര്‍ത്തല: ആലപ്പുഴയിലെ വ്യാജ അഭിഭാഷകയ്ക്കെതിരെ ലുക്കൗട്ട് നോട്ടിസ്. വ്യാജ അഭിഭാഷകയായി പ്രവര്‍ത്തിച്ച രാമങ്കരി സ്വദേശിനി സെസി സേവ്യറിനെതിരെയാണ് നോട്ടിസ്. വിവരം ലഭിക്കുന്നവര്‍ പോലിസിനെ അറിയിക്കാന്‍ നിര്‍ദ്ദേശം നല്‍കി. ആലപ്പുഴ നോര്‍ത്ത് പൊലീസാണ് നോട്ടിസ് പുറത്തിറക്കിയത്. മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയെങ്കിലും സെസി ഒളിവില്‍ തുടരുകയാണ്. കോടതിയില്‍ കീഴടങ്ങാനെത്തിയ ആലപ്പുഴയിലെ വ്യാജ അഭിഭാഷക നാടകീയമായി മുങ്ങുകയായിരുന്നു.. കുട്ടനാട് രാമങ്കരി സ്വദേശിനിയാണ് സെസി സേവ്യര്‍. നിയമ ബിരുദമില്ലാതെ പ്രാക്ടീസ് ചെയ്തത് വ്യക്തമായതോടെ ആലപ്പുഴ ബാര്‍ അസോസിയേഷന്‍ നല്‍കിയ പരാതിയിലാണ് ഇവര്‍ക്കെതിരെ പൊലീസ് കേസെടുത്തത്.
ബാര്‍ അസോസിയേഷന്‍, തട്ടിപ്പ് കണ്ടെത്തിയതിന് പിന്നാലെ ഒളിവില്‍ പോയ സെസിയുടെ നീക്കങ്ങളെല്ലാം അത്യന്തം നാടകീയമായിരുന്നു. തുടര്‍ന്ന് പൊലീസ് അന്വേഷണം ആരംഭിക്കുകയും പ്രതി സംസ്ഥാനം വിട്ടെന്ന പ്രചരണത്തിനിടെ പൊലീസിനെ വെട്ടിച്ച് യുവതി കോടതിയിലെത്തി മടങ്ങുകയും ചെയ്തു. ജാമ്യം ലഭിക്കില്ലെന്ന് ഉറപ്പായതോടെയാണ് യുവതി വീണ്ടും മുങ്ങിയത്. കീഴടങ്ങിയ ശേഷം ജാമ്യാപേക്ഷ സമര്‍പ്പിക്കാനായിരുന്നു സെസിയുടെ നീക്കം. എന്നാല്‍ എഫ്ഐആറില്‍ നിന്ന് വ്യത്യസ്തമായി കൂടുതല്‍ വകുപ്പുകള്‍ ചുമത്തിയുള്ള റിപ്പോര്‍ട്ട് കോടതിയില്‍ എത്താനുള്ള സാധ്യത തെളിഞ്ഞതോടെ ജാമ്യ സാധ്യത അടഞ്ഞു. ഇതോടെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാകാതെ പൊലീസിന്റെ കണ്ണ് വെട്ടിച്ച് സെസി സേവ്യര്‍ വീണ്ടും മുങ്ങുകയായിരുന്നു.