ദില്ലി:എല്‍പിജി സിലിണ്ടറുകളുടെ റീഫില്‍ ബുക്കിംഗില്‍ നിയന്ത്രണം. പശ്ചിമേഷ്യയിലെ സംഘര്‍ഷ പശ്ചാത്തലത്തില്‍ ബുക്കിംഗുകളില്‍ വലിയ രീതിയിലുള്ള വര്‍ദ്ധവന് ഉണ്ടായതിന് പിന്നാലെയാണ് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനും ഭാരത് പെട്രോളിയവും ഗാര്‍ഹിക എല്‍പിജി റീഫില്ലുകള്‍ക്ക് 21 ദിവസത്തെ നിയന്ത്രണം ഏര്‍പ്പെടുത്തിയത്. പെട്ടെന്നുണ്ടായ ഈ ഡിമാന്‍ഡ് പരിഗണിച്ച്, പൂഴ്ത്തിവെപ്പ് തടയുന്നതിനും വിതരണം സുസ്ഥിരമാക്കുന്നതിനുമാണ് എണ്ണ വിപണന കമ്പനികളുടെ നടപടി. ലോക്ക് ഇന്‍ പിരീഡ് എന്ന രീതിയാണ് നിലവില്‍ നടപ്പിലാക്കിയിട്ടുള്ളത്. യുദ്ധം പാചക വാതക സിലിണ്ടറുകളുടെ ക്ഷാമം സൃഷ്ടിക്കുമെന്ന നിരീക്ഷണത്തില്‍ ഗാര്‍ഹിക എല്‍പിജി സിലിണ്ടറുകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവുണ്ടായിരുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ബുക്കിംഗുകളുടെ എണ്ണം കുത്തനെ ഉയര്‍ന്നതിനെത്തുടര്‍ന്ന് വെള്ളിയാഴ്ച മുതലാണ് ഈ നിയന്ത്രണം നിലവില്‍ വന്നതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ലോക്ക് ഇന്‍ പിരീഡുമായി ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനും ഭാരത് പെട്രോളിയവും
ഉപഭോക്താക്കള്‍ സിലിണ്ടറുകള്‍ പൂഴ്ത്തിവെക്കാതിരിക്കാനാണ് ഇത്തരമൊരു നടപടിയെന്ന് വിതരണക്കാരുടെ സംഘടനകളും അറിയിക്കുന്നത്. പരിഭ്രാന്തി മൂലമുള്ള അമിത ബുക്കിംഗുകള്‍ വിതരണ ശൃംഖലയെ സമ്മര്‍ദ്ദത്തിലാക്കുമെന്ന് എല്‍പിജി ഡീലര്‍മാരുടെയും വിതരണക്കാരുടെയും വക്താവ് ബിജോണ്‍ ബിഹാരി ബിശ്വാസ് ദി ടൈംസ് ഓഫ് ഇന്ത്യയോട് പ്രതികരിച്ചത്. കൊല്‍ക്കത്ത മെട്രോപൊളിറ്റന്‍ മേഖലയില്‍ ബുക്കിംഗുകളുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സാധാരണയായി ദിവസം ഒരു ലക്ഷം ബുക്കിംഗുകള്‍ നടക്കാറുള്ള കൊല്‍ക്കത്തയിലും പരിസര പ്രദേശങ്ങളിലും വെള്ളിയാഴ്ച മാത്രം 1.5 ലക്ഷം ബുക്കിംഗുകളാണ് ഐഒസിക്ക് ലഭിച്ചത്. ഇത് സിലിണ്ടറുകള്‍ എത്തിക്കുന്നതില്‍ തടസ്സങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെന്നാണ് വിതരണക്കാര്‍ വിശദമാക്കുന്നത്.
എല്‍പിജിക്ക് നിലവില്‍ ക്ഷാമമില്ലെന്നും വിതരണ ശൃംഖല ഭദ്രമാണെന്നും എണ്ണ കമ്പനികള്‍ വ്യക്തമാക്കുന്നതിനിടയിലാണ് നിയന്ത്രണം. ഉപഭോക്താക്കള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും അനാവശ്യമായി ബുക്കിംഗ് നടത്തരുതെന്നും അധികൃതര്‍ അഭ്യര്‍ത്ഥിക്കുന്നത്. ഉപഭോക്താക്കള്‍ സിലിണ്ടറുകള്‍ ബുക്ക് ചെയ്യുകയും എന്നാല്‍ ശൂന്യമായ സിലിണ്ടറുകള്‍ തിരികെ നല്‍കാതിരിക്കുകയും ചെയ്യുന്നത് ഫില്ലിംഗ് പ്ലാന്റുകളുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ടെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടി.ലോകസാഹചര്യങ്ങള്‍ മാറുന്നതിനനുസരിച്ച് അവശ്യസാധനങ്ങള്‍ക്ക് ക്ഷാമമുണ്ടാകുമോ എന്ന ഭയത്താലാണ് പലരും മുന്‍കൂട്ടി ബുക്ക് ചെയ്യുന്നത്. ലോക്ക്-ഇന്‍ സിസ്റ്റം നടപ്പിലാക്കുന്നതോടെ വരും ദിവസങ്ങളില്‍ ഡിമാന്‍ഡ് കുറയുമെന്നും വിതരണം സാധാരണ നിലയിലാകുമെന്നുമാണ് വിതരണക്കാരുടെ വിലയിരുത്തല്‍.