ബത്തേരി: കള്ളാടിയിലുണ്ടായ മണ്ണിടിച്ചില്‍ ദുരന്തത്തില്‍ മരണം അഞ്ചായി. പ്രദേശത്ത് യുദ്ധകാലാടിസ്ഥാനത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ദേശീയ ദുരന്തപ്രതികരണ സേനയുടെ (എന്‍ഡിആര്‍ എഫ് ) രണ്ട് സംഘങ്ങളാണ് നിലവില്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്. ആകെ 70 രക്ഷാപ്രവര്‍ത്തകരാണ് ഈ സംഘങ്ങളിലുള്ളത്. മണ്‍കൂനകള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നവരെ എത്രയും വേഗം കണ്ടെത്തുകയും ജീവനോടെ പുറത്തെത്തിക്കുന്നതിനാണ് ശ്രമിക്കുന്നത്.
ദുരന്തത്തില്‍ എത്രപേര്‍ മണ്ണടിയില്‍ അകപ്പെട്ട് പോയിരിക്കാമെന്നതില്‍ കൃത്യമായ വിവരങ്ങള്‍ ശേഖരിച്ചുവരികയാണ്. തിരച്ചില്‍ കൂടുതല്‍ ഫലപ്രദമാക്കുന്നതിനായി രണ്ട് കെഡാവര്‍ നായ്ക്കളെയും പ്രദേശത്ത് എത്തിച്ചിട്ടുണ്ട്. കൂടാതെ, മണ്ണടിയിലെ ജീവന്റെ സാന്നിധ്യം കണ്ടെത്താന്‍ സഹായിക്കുന്ന 'മൂവ്‌മെന്റ് ലൊക്കേറ്റിംഗ് ക്യാമറകളും' രക്ഷാപ്രവര്‍ത്തകര്‍ ഉപയോഗിക്കുന്നുണ്ട്.
മണ്ണിനടിയില്‍ എന്തെങ്കിലും തരത്തിലുള്ള ചലനങ്ങളോ അനക്കങ്ങളോ ക്യാമറയില്‍ ശ്രദ്ധയില്‍പ്പെട്ടാല്‍, അവിടെ അതീവ ജാഗ്രതയോടെ പതിയെ മണ്ണ് നീക്കി ആളുകളെ സുരക്ഷിതമായി പുറത്തെത്തിക്കാനാണ് എന്‍ഡിആര്‍എഫ് ശ്രമിക്കുന്നത്. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി എന്‍ഡിആര്‍എഫ് ഓപ്പറേഷന്‍സ് ഡെപ്യൂട്ടി കമാന്‍ഡന്റിന്റെ നേതൃത്വത്തിലുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ദുരന്തസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.