ഡിഎച്ച്എസ് സ്ഥലമാറ്റം ഉത്തരവ് അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബൂണല്‍ സ്റ്റേ ചെയ്തു


 

 



തിരുവനന്തപുരം: ആരോഗ്യവകുപ്പ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയില്‍ സര്‍ക്കാരിന് തിരിച്ചടി. ആരോഗ്യവകുപ്പിന്റെ ഉത്തരവ് അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ രണ്ടാഴ്ചത്തേക്ക് സ്റ്റേ ചെയ്തു. ഉത്തരവിലെ വൈരുദ്ധ്യവും സ്‌പെഷ്യല്‍ റൂളും ചൂണ്ടിക്കാട്ടി ഡോ. റീന നല്‍കിയ ഹര്‍ജിയിലാണ് നടപടി. സര്‍ക്കാര്‍ വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരിലാണ് ഡിഎച്ച്എസിനെ മാറ്റിയത് എന്നായിരുന്നു ആരോഗ്യമന്ത്രിയുടെ വാദം.

ആരോഗ്യവകുപ്പ് ഡയറക്ടര്‍ പദവിയില്‍ നിന്ന് ഡോ. റീനയെ സ്ഥലം മാറ്റിയത് കഴിഞ്ഞ വെള്ളിയാഴ്ചയാണ്. ഡിഎച്ച്എസ് പദവിയില്‍ മൂന്ന് വര്‍ഷം പൂര്‍ത്തിയാക്കിയതും  പകര്‍ച്ചവ്യാധി കാലത്ത് 15 ദിവസത്തെ അവധി അപേക്ഷ നല്‍കിയെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ആദ്യ ഉത്തരവ്. എറണാകുളം റീജിയണല്‍ ഹെല്‍ത്ത് ലബോറട്ടറി ഡയറക്ടര്‍ പദവിയിലേക്കായിരുന്നു സ്ഥലം മാറ്റം. 15 ദിവസത്തെ അവധി അപേക്ഷ നല്‍കിയിട്ടില്ലെന്ന് രേഖാമൂലം വ്യക്തമാക്കിയ ഡോ. റീന ഉത്തരവിനെതിരെ തിരുവനന്തപുരം അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചു. 

സ്‌പെഷ്യല്‍ റൂള്‍ പ്രകരം ആരോഗ്യവകുപ്പ് ഡയറക്ടര്‍ പദവിക്ക് മൂന്ന് വര്‍ഷത്തെ സമയപരിധിയില്ലെന്നും അഡ്മിനിസ്‌ട്രേറ്റീവ് കേഡറില്‍ നിന്ന് സ്‌പെഷ്യാലിറ്റി കേഡറിലേക്ക് എക്‌സിക്യൂട്ടീവ് ഓര്‍ഡര്‍ വഴി മാറ്റാനാവില്ലെന്നും വാദിച്ചു. ചോദിച്ചിട്ടില്ലാത്ത അവധി അപേക്ഷയുടെ പേരില്‍ വ്യാജ ആരോപണം ഉന്നയിച്ച് അപമാനിച്ചെന്നും ഹര്‍ജിയിലുണ്ട്. ഈ വാദങ്ങള്‍ കണക്കിലെടുത്താണ് രണ്ടാഴ്ചത്തെ സ്റ്റേ അനുവദിച്ചത്. ഡോ. റീന കാലാവധി പൂര്‍ത്തിയാക്കിയെന്നും ഡിഎച്ച്എസ് തത്തുല്യ പദവിയിലേക്കാണ് മാറ്റമെന്നതടക്കമുള്ള സര്‍ക്കാര്‍ വാദങ്ങള്‍ ട്രൈബ്യൂണല്‍ അംഗീകരിച്ചില്ല.

 


 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media