സില്‍വര്‍ലൈനില്‍ മുട്ടുമടക്കില്ലെന്ന് പ്രതിപക്ഷം, സഭ ബഹിഷ്‌കരിച്ച് എംഎല്‍എമാര്‍ സമരമുഖത്തേക്ക്
 



തിരുവനന്തപുരം: മാടപ്പള്ളിയിലെ പൊലീസ് നടപടിയടക്കം സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരായ പ്രതിഷേധത്തില്‍ സഭ ബഹിഷ്‌ക്കരിച്ച് പ്രതിപക്ഷം. പൊലീസ് നരനായാട്ട് എന്ന ബാനറുമായി സഭയുടെ നടുത്തളത്തില്‍ പ്രതിഷേധിച്ച എംഎല്‍എമാര്‍ സഭ താല്‍ക്കാലികമായി നിര്‍ത്തിവച്ചതിന് പിന്നാലെ പുറത്തേക്കിറങ്ങി. നിലവിലെ സാഹചര്യത്തില്‍ സഭ നടപടികളുമായി സഹകരിക്കാനാവില്ലെന്നാണ് പ്രതിപക്ഷ നിലപാട്. പൊലിസിനെ ആയുധമാക്കി കെ റെയില്‍ സമരത്തെ തകര്‍ക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്നാണ് പ്രതിപക്ഷ നേതാവ് പറയുന്നത്. സമരം യുഡിഎഫ് ഏറ്റെടുത്തു കഴിഞ്ഞുവെന്നും ഇവിടെ നിന്ന് നേരെ സമരമുഖത്തേക്കാണ് പോകുന്നതെന്നും സതീശന്‍ വ്യക്തമാക്കി. എംഎല്‍എമാര്‍ സമരമുഖത്തെത്തുമെന്നും അവിടെ മര്‍ദ്ദനമേറ്റ സ്ത്രീകളോടു കുട്ടികളോടും സംസാരിക്കുമെന്നുമാണ് പ്രഖ്യാപനം. സ്ത്രീ വിരുദ്ധ സമീപനമാണ് ഈ സര്‍ക്കാരിന്റേതെന്ന് സതീശന്‍ ആരോപിക്കുന്നു.  

യുഡിഎഫ് സംഘം ചങ്ങനാശ്ശേരിയിലേക്ക് തിരിച്ചിട്ടുണ്ട്. സമരം ശക്തമാക്കാനാണ് തീരുമാനം, സര്‍ക്കാര്‍ പിന്‍വാങ്ങും വരെ സമരം തുടരും. പ്രതിപക്ഷം അസത്യ പ്രചാരണം നടത്തിയിട്ടില്ലെന്നും സതീശന്‍ വ്യക്തമാക്കി. ധാര്‍ഷ്ട്യം കൊണ്ട് പിണറായിക്ക് അന്ധത ബാധിച്ചുവെന്നാണ് സതീശന്റെ കുറ്റപ്പെടുത്തല്‍. നിയമസഭ സമ്മേളത്തിന്റെ അവസാന ദിവസമായിരുന്നു ഇന്നത്തേത്. വോട്ട് ഓണ്‍ അക്കൗണ്ട് പാസാക്കലായിരുന്നു പ്രധാന അജണ്ട. പ്രതിപക്ഷം ഇനി സഭയില്‍ പങ്കെടുക്കാന്‍ സാധ്യതയില്ല. മാടപ്പള്ളിയിലെ പൊലീസ് നടപടിയില്‍ സഭ തുടങ്ങിയപ്പോള്‍ തന്നെ പ്രതിപക്ഷം വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തില്‍ സഭാ നടപടികളുമായി സഹകരിക്കാന്‍ കഴിയില്ലെന്ന് വി ഡി സതീശന്‍ ആദ്യം തന്നെ നിലപാടെടുത്തു. പിന്നാലെ  പ്രതിപക്ഷ എംഎല്‍എമാര്‍ കെ റെയിലിനെതിരായ പ്ലക്കാര്‍ഡുമായി നടുത്തളത്തിലിറങ്ങി. 

സഭ നടപടികളുമായി സഹകരിക്കുന്നതിന് ബുദ്ധിമുട്ടുണ്ടെന്ന് സതീശന്‍ പറഞ്ഞപ്പോള്‍ നിയമസഭയില്‍ ചോദ്യോത്തര വേളയില്‍ ഇത്തരം പ്രതിഷേധങ്ങള്‍ പതിവില്ലെന്നും ശൂന്യവേളയില്‍ പരിഗണിക്കാമെന്നും സ്പീക്കര്‍ എം ബി രാജേഷ് അറിയിച്ചു. എന്നാല്‍ ഇത് അംഗീകരിക്കാന്‍ പ്രതിപക്ഷം തയ്യാറായില്ല. പ്രതിപക്ഷ ബഹളം തുടര്‍ന്നതോടെ സഭ തല്‍ക്കാലം നിര്‍ത്തിവയ്ക്കാന്‍ സ്പീക്കര്‍ തീരുമാനിച്ചു. കഴിഞ്ഞ ദിവസം വലിയ പ്രതിഷേധമാണ് മാടപ്പള്ളി മുണ്ടുകുഴിയില്‍ കല്ല് സ്ഥാപിക്കാനെത്തിയപ്പോള്‍ ഉണ്ടായത്. നാട്ടുകാരും പൊലീസും തമ്മില്‍ സംഘര്‍ഷമുണ്ടായി. സമരത്തിനിടെ ഉണ്ടായ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് ചങ്ങനാശ്ശേരി നിയോജക മണ്ഡലത്തില്‍ ഇന്ന് ഹര്‍ത്താലാണ്. കെ റെയില്‍ വിരുദ്ധ സംയുക്തസമരസമിതി ആണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. യുഡിഎഫും ബിജെപിയും മറ്റ് ഇതര സംഘടനകളും അടങ്ങുന്നതാണ് സംയുക്തസമരസമിതി. രാവിലെ ആറിന് തുടങ്ങിയ ഹര്‍ത്താല്‍ വൈകിട്ട് ആറു വരെ നീളും.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media