ജന. ബിപിന്‍ റാവത്തിന്റെ നില അതീവഗുരുതരം,
ചെന്നൈ: രാജ്യത്തെ ഞെട്ടിച്ച ഊട്ടി കൂനൂരിലെ ഹെലികോപ്റ്റര്‍ ദുരന്തത്തില്‍ മരണം 11 ആയി. 14 പേരാണ് ആകെ ഹെലികോപ്റ്ററിലുണ്ടായിരുന്നത് എന്നാണ് വ്യോമസേന തന്നെ സ്ഥിരീകരിക്കുന്നത്. രാജ്യത്തിന്റെ സംയുക്തസൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്തിന്റെ നില അതീവഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അദ്ദേഹത്തെ വെല്ലിംഗ്ടണിലെ സൈനിക ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ഭാര്യ മധുലിക റാവത്തും ഹെലികോപ്റ്ററിലുണ്ടായിരുന്നു. അവരുടെ നിലയും അതീവഗുരുതരമാണെന്നാണ് വിവരം.
കൂനൂരില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ ദൂരെയുള്ള കട്ടേരി പാര്‍ക്കിലാണ് അപകടം നടന്നത്. ലാന്‍ഡിംഗിന് തൊട്ടുമുമ്പാണ് ദുരന്തമുണ്ടായിരിക്കുന്നത്. ഹെലികോപ്റ്ററില്‍ ആകെ 14 പേരുണ്ടായിരുന്നതില്‍ 11 പേരും കൊല്ലപ്പെട്ടതായാണ് ഏറ്റവുമൊടുവില്‍ പുറത്തുവരുന്ന വിവരം. മൂന്ന് പേരെയാണ് ജീവനോടെ രക്ഷിക്കാനായിട്ടുള്ളത്. ഇതില്‍ ജനറല്‍ ബിപിന്‍ റാവത്തുമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.
അപകടത്തെക്കുറിച്ച് അല്‍പസമയത്തിനകം പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് പാര്‍ലമെന്റില്‍ വിശദീകരിക്കും. അല്‍പസമയം മുമ്പ് അടിയന്തരകേന്ദ്രമന്ത്രിസഭാ യോഗം ചേര്‍ന്നിരുന്നു. സ്ഥിതിഗതികള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സസൂക്ഷ്മം നിരീക്ഷിച്ച് വരികയാണ്. പ്രതിരോധമന്ത്രി പ്രധാനമന്ത്രിയെ വിവരങ്ങള്‍ ധരിപ്പിക്കുന്നുണ്ട്. ഉന്നതസൈനിക ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ഇപ്പോള്‍ ഒരു ഉന്നതതലയോഗം ദില്ലിയില്‍ നടക്കുകയാണ്. ദേശീയസുരക്ഷാ ഉപദേഷ്ടാവ് പാര്‍ലമെന്റില്‍ എത്തിയിട്ടുണ്ട്. വ്യോമസേനാ മേധാവി എയര്‍മാര്‍ഷല്‍ വി ആര്‍ ചൗധരി അപകടസ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. പ്രതിരോധമന്ത്രി ഊട്ടിയിലേക്ക് പുറപ്പെടുമെന്ന് നേരത്തേ അറിയിച്ചിരുന്നെങ്കിലും പിന്നീട് പോകുന്നില്ല എന്ന് അറിയിച്ചു. തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ അടിയന്തരമായി ഊട്ടിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്.
14 പേരാണ് ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നത്. ഇതില്‍ 9 പേരുടെ വിവരങ്ങള്‍ വ്യോമസേന പുറത്തുവിട്ടിട്ടുണ്ട്:
1. ജന. ബിപിന്‍ റാവത്ത്
2. ശ്രീമതി മധുലിക റാവത്ത്
3. ബ്രിഗേഡിയര്‍ LS ലിഡ്ഡര്‍
4. ലഫ്. കേണല്‍ ഹര്‍ജിന്ദര്‍ സിംഗ്
5. എന്‍ കെ ഗുര്‍സേവക് സിംഗ്
6. എന്‍ കെ ജിതേന്ദ്രകുമാര്‍
7. ലാന്‍സ് നായ്ക് വിവേക് കുമാര്‍
8. ലാന്‍സ് നായ്ക് ബി സായ് തേജ
9.ഹവില്‍ദാര്‍ സത്പാല്‍
ഉച്ചയ്ക്ക് 12.10-ഓടെയാണ് ഹെലികോപ്റ്റര്‍ സൂളൂരിലെ എയര്‍ സ്റ്റേഷനില്‍ നിന്ന് പറന്നുയര്‍ന്നത്. വെല്ലിംഗ്ടണിലെ സൈനികകോളേജില്‍ ഏറ്റവും പുതിയ കേഡറ്റുകളെ കണ്ട് അഭിസംബോധന ചെയ്യാനാണ് അദ്ദേഹം പുറപ്പെട്ടത്. 2.45-നായിരുന്നു ഈ പരിപാടി. സൂളൂരിലെ എയര്‍ സ്റ്റേഷനില്‍ നിന്ന് വെല്ലിംഗ്ടണിലേക്ക് വലിയ ദൂരമില്ല. എന്നാല്‍ വെല്ലിംഗ്ടണില്‍ കനത്ത മൂടല്‍മഞ്ഞുണ്ടായിരുന്നു. ഇവിടെ ഇറങ്ങാനാകില്ലെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് ഹെലികോപ്റ്റര്‍ തിരികെപ്പറന്നു. ഹെലിപാഡിന് പത്ത് കിലോമീറ്റര്‍ ദൂരത്ത് വച്ച് ഹെലികോപ്റ്റര്‍ ആകാശത്ത് വച്ച് തന്നെ തീപിടിച്ച് താഴേയ്ക്ക് പതിച്ചുവെന്നാണ് വിവരം. മൂക്കുകുത്തിയാണ് ഹെലികോപ്റ്റര്‍ ഭൂമിയിലേക്ക് പതിച്ചത്.