അപകടം ഞെട്ടിക്കുന്നതെന്ന് ഗഡ്കരി
പ്രാര്‍ത്ഥനകളെന്ന് രാഹുല്‍
ദില്ലി: സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത് സഞ്ചരിച്ച ഹെലികോപ്ടര്‍ തകര്‍ന്ന സംഭവത്തില്‍ ഞെട്ടല്‍ രേഖപ്പെടുത്തി നേതാക്കള്‍. വാര്‍ത്ത ഞെട്ടിക്കുന്നതെന്നും എല്ലാവരുടെയും സുരക്ഷയ്ക്കായി പ്രാര്‍ത്ഥിക്കുന്നുവെന്നും കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു. ഹെലികോപ്ടറില്‍ ഉണ്ടായിരുന്ന ബിപിന്‍ റാവത്തും ഭാര്യയും മറ്റുള്ളവരും സുരക്ഷിതരാണെന്ന് പ്രതീക്ഷിക്കുന്നെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്. എല്ലാവരും വളരെ വേഗം സുഖം പ്രാപിക്കാനായി പ്രാര്‍ത്ഥിക്കുന്നതായും രാഹുല്‍ ഗാന്ധി കുറിച്ചു. ദുഖകരമായ വാര്‍ത്തയെന്നും എല്ലാവരുടേയും സുരക്ഷയ്ക്കായി പ്രാര്‍ത്ഥിക്കുന്നെന്നും അരവിന്ദ് കെജ്രിവാള്‍ ട്വീറ്റ് ചെയ്തു.
ഊട്ടിക്ക് അടുത്ത് കൂനൂരിലാണ് ഉച്ചയോടെ ഹെലികോപ്ടര്‍ തകര്‍ന്ന് വീണത്. ജനറല്‍ ബിപിന്‍ റാവത്തിനെ കൂടാതെ അദ്ദേഹത്തിന്റെ പത്‌നി മധുലിക റാവത്ത്, സംയുക്ത സൈനിക മേധാവിയുടെ ഓഫീസ് ജീവനക്കാരും സുരക്ഷാഭടന്‍മാരും അടക്കം ആകെ 14 പേരാണ് ഹെലികോപ്ടറില്‍ ഉണ്ടായിരുന്നത്. സംയുക്ത സൈനികമേധാവി ജനറല്‍ ബിപിന്‍ റാവത്തിനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലേക്ക് മാറ്റിയെന്നാണ് റിപ്പോര്‍ട്ടുകള്‍. അപകടസ്ഥലത്ത് നിന്നും അഞ്ച് മൃതദേങ്ങള്‍ ഇതുവരെ കണ്ടെടുത്തതായി വാര്‍ത്താ ഏജന്‍സി അറിയിച്ചു.
സൂളൂര്‍ എയര്‍ സ്റ്റേഷനില്‍ നിന്ന് നിന്ന് വെല്ലിംഗ്ടണ്‍ സൈനിക കോളേജിലേക്ക് പോകുമ്പോഴാണ് ദുരന്തമുണ്ടായത്. വെല്ലിംഗ്ടണില്‍ ഒരു സെമിനാറില്‍ സംസാരിക്കാന്‍ വേണ്ടി യാത്ര ചെയ്യുകയായിരുന്നു ജനറല്‍ ബിപിന്‍ റാവത്തും കുടുംബവും സ്റ്റാഫംഗങ്ങളും. പന്ത്രണ്ടരയോടെയാണ് സൂളൂരില്‍ നിന്ന് ഹെലികോപ്റ്റര്‍ പറന്നുയര്‍ന്നത്. സൂളൂരില്‍ നിന്ന് വെല്ലിംഗ്ടണിലേക്ക് അധികം ദൂരമില്ല. ഹെലികോപ്റ്റര്‍ പറന്നുയര്‍ന്ന് അല്‍പസമയത്തിനകം തന്നെ ദുരന്തമുണ്ടായി. സംഭവത്തില്‍ വ്യോമസേന വിദഗ്ധ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. വ്യോമസേനയുടെ എം.17 ഹെലികോപ്ടറാണ് അപകടത്തില്‍പ്പെട്ടത്.