നൂറു ദിന കര്‍മ്മപദ്ധതി; സംസ്ഥാനത്തെ 92 സ്‌കൂള്‍ കെട്ടിടങ്ങളുടെ നിര്‍മ്മാണം പൂര്‍ത്തിയായി, പുതിയതായി 48 സ്‌കൂള്‍ ലാബുകളും 3 ലൈബ്രറികളും, ഉദ്ഘാടനം ഇന്ന് വൈകുന്നേരം
തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാരിന്റെ നൂറു ദിന കര്‍മ്മപദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ 92 സ്‌കൂള്‍ കെട്ടിടങ്ങളുടെ നിര്‍മ്മാണം പൂര്‍ത്തിയായി. അതോടൊപ്പം 48 ഹയര്‍ സെക്കന്‍ഡറി ലാബുകളും 3 ഹയര്‍സെക്കന്‍ഡറി ലൈബ്രറികളും പ്രവര്‍ത്തന സജ്ജമായതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.
പൂര്‍ത്തിയായ കെട്ടിടങ്ങളുടെ ഉദ്ഘാടനം ഇന്ന് വൈകുന്നേരം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും. പുതുതായി നിര്‍മ്മാണം പൂര്‍ത്തിയാക്കിയവയില്‍ കിഫ്ബിയുടെ 5 കോടി രൂപ ഉപയോഗിച്ച് പണികഴിപ്പിച്ച 11 സ്‌കൂള്‍ കെട്ടിടങ്ങളും 3 കോടി രൂപ ചെലവഴിച്ച് നിര്‍മ്മിച്ച 23 സ്‌കൂള്‍ കെട്ടിടങ്ങളും ഉള്‍പ്പെട്ടിരിക്കുന്നു. ബാക്കിയുള്ള 58 കെട്ടിടങ്ങള്‍ പ്ലാന്‍ ഫണ്ട്, എം.എല്‍.എ.ഫണ്ട്, സമഗ്രശിക്ഷാ ഫണ്ട്, മറ്റു ഫണ്ടുകള്‍ എന്നിവ വിനിയോഗിച്ചു പണിതവയാണ്. അങ്ങനെ 214 കോടിയോളം രൂപയാണ് മൊത്തം ചെലവഴിച്ചിരിക്കുന്നത്. 22 കോടി രൂപയാണ് ലാബുകളുടെ നിര്‍മ്മാണത്തിനായി ചെലവഴിച്ചത്. ലൈബ്രറികളുടെ നിര്‍മ്മാണത്തിനായി ചെലവായത് 85 ലക്ഷം രൂപയാണ്.
ശിലാസ്ഥാപനം നടക്കുന്ന 107 സ്‌കൂള്‍ കെട്ടിടങ്ങള്‍ക്കായി ഏതാണ്ട് 124 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. കിഫ്ബി ഫണ്ടുപയോഗിച്ച് കിലയുടെ നേതൃത്വത്തില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കുന്ന വിധത്തിലാണ് ഈ പദ്ധതികള്‍ വിഭാവനം ചെയ്തിരിക്കുന്നത്. കോവിഡ് പ്രതിസന്ധിയുടെ കാലത്തും വിദ്യാഭ്യാസ മേഖലയെ മികവിലേയ്ക്ക് നയിക്കുന്ന പ്രവര്‍ത്തനങ്ങള്‍ മുടക്കമില്ലാതെ തുടരുക എന്നതാണ് സര്‍ക്കാരിന്റെ നയം. ഘട്ടം ഘട്ടമായി സ്‌കൂളുകള്‍ തുറക്കുന്ന മുറയ്ക്ക് നമ്മുടെ കുഞ്ഞുങ്ങളെ കാത്തിരിക്കുന്നത് സര്‍വ്വസജ്ജമായ വിദ്യാലയങ്ങളായിരിക്കും.