തിരുവനന്തപുരം: മുന്‍ കോണ്‍ഗ്രസ് നേതാവ് കെ വി തോമസിനെ ദില്ലിയില്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധിയായി നിയമിക്കാന്‍ തീരുമാനം. ക്യാബിനറ്റ് പദവിയോടെയുള്ള നിയമനത്തിന് തീരുമാനമെടുത്തത് മന്ത്രിസഭായോഗമാണ്. അച്ചടക്ക ലംഘനത്തിന് കോണ്‍ഗ്രസ് നടപടിയെടുത്ത കെ വി തോമസിന് എട്ടുമാസത്തിന് ശേഷമാണ് പദവി. സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായ സെമിനാറില്‍ പാര്‍ട്ടി വിലക്ക് ലംഘിച്ച് പങ്കെടുത്തതോടെയായിരുന്നു കോണ്‍ഗ്രസും തോമസും തമ്മിലെ അകല്‍ച്ച വര്‍ദ്ധിച്ചത്.
തൃക്കാക്കര ഉപതരെഞ്ഞെടുപ്പില്‍ ഇടത് കണ്‍വെന്‍ഷനില്‍ നേതൃത്വത്തെ വെല്ലുവിളിച്ച് കെ വി തോമസ് എത്തിയതിന് പിന്നാലെയാണ് പുറത്താക്കല്‍ സംഭവിച്ചത്. തൃക്കാക്കരയിലെ ഇടതിന്റെ വമ്പന്‍ തോല്‍വിയും തോമസിന്റെ പദവി നീണ്ടുപോകുന്നതും ഉന്നയിച്ച് തോമസിനെതിരെ കോണ്‍ഗ്രസ് നിരയില്‍ നിന്നുയര്‍ന്നത് വലിയ പരിഹാസമായിരുന്നു. ഒടുവിലാണിപ്പോള്‍ ക്യാബിനറ്റ് റാങ്കോടെയുള്ള നിയമനം. നേരത്തെ എ സമ്പത്ത് വഹിച്ച പദവിയാണ് തോമസിന് ലഭിച്ചിരിക്കുന്നത്.