കനത്ത മഴ; ഉത്തരാഖണ്ഡില്‍ മരിച്ചവരുടെ എണ്ണം 64 ആയി
ഉത്തരാഖണ്ഡില്‍ കനത്ത മഴയിലും പ്രളയത്തിലും മരിച്ചവരുടെ എണ്ണം 64 ആയി. 19 പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ഒക്ടോബര്‍ 19ന് നൈനിറ്റാലില്‍ മാത്രം 28 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. അല്‍മോറയില്‍ 6 പേര്‍ക്കും ചാമ്പവട്ടില്‍ 8 പേര്‍ക്കും ഉദ്ധം സിംഗ് നഗറില്‍ 2 പേര്‍ക്കും ജീവന്‍ നഷ്ടപ്പെട്ടുവെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കി.
ഉത്തരാഖണ്ഡില്‍ കഴിഞ്ഞ മൂന്ന് ദിവസത്തിനിടയില്‍ ദുരന്തനിവാരണ സേന രക്ഷപ്പെടുത്തിയത് എണ്ണായിരത്തോളം ആളുകളെയാണ്. കനത്ത മഴയില്‍ പശ്ചിമ ബംഗാളിലെ ഡാര്‍ജിലിംഗില്‍ വ്യാപകമായി മണ്ണിടിച്ചിലുണ്ടായി. പലയിടത്തും റോഡുകള്‍ ഇടിഞ്ഞുതാഴ്ന്നു. തീസ്താനദി കരകവിഞ്ഞു. സിലിഗുരി ഡാര്‍ജിലിംഗ് പ്രധാന പാതയായ എന്‍.എച്ച് 55ല്‍ ഗതാഗതം നിര്‍ത്തിവച്ചു.
സിലിഗുരി ഗാങ് ടോക്ക് പാതയിലും ഗതാഗതം തടസപ്പെട്ടു. ഡാര്‍ജിലിംഗ് കാലിംപോങ്ങ്, ജല്‍പായ്ഗുരി, അലിപൂര്‍ധര്‍ എന്നിവിടങ്ങളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. ഹരിദ്വാറില്‍ ഗംഗാ നദി കരകവിഞ്ഞു. ഹിമാലയന്‍ സംസ്ഥാനങ്ങളില്‍ മഞ്ഞ് വീഴ്ചയും ശക്തമാണ്.