സിവിക് ചന്ദ്രനെതിരെ വീണ്ടും പീഡന പരാതി;ഇക്കുറി കേസെടുത്തത് കൊയിലാണ്ടി പോലീസ് 



കോഴിക്കോട്: എഴുത്തുകാരനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ സിവിക് ചന്ദ്രനെതിരെ വീണ്ടും കേസ്. കോഴിക്കോട് സ്വദേശിയായ യുവ എഴുത്തുകാരിയുടെ പരാതിയിലാണ് കേസെടുത്തത്. 2020ല്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന പരാതിയിലാണ് കൊയിലാണ്ടി പൊലീസ് സിവിക് ചന്ദ്രനെതിരെ രണ്ടാമത്തെ കേസ് രജിസ്റ്റര്‍ ചെയ്തത്. സിവികിനെതിരായ ആദ്യ പരാതിയിലും കേസെടുത്തത് കൊയിലാണ്ടി പൊലീസ് തന്നെയാണ്. കേസെടുത്ത് മൂന്നാഴ്ചയോളം ആയിട്ടും ഈ പരാതിയില്‍ സിവിക് ചേന്ദ്രനെ അറസ്റ്റ് ചെയ്യാന്‍ പൊലീസിനായിട്ടില്ല. സിവിക് സംസ്ഥാനം വിട്ടതായാണ് പൊലീസ് പറയുന്നത്. 

ഇതിനിടെ ആദ്യ പരാതിയെ തുടര്‍ന്നെടുത്ത കേസില്‍ സിവിക് ചന്ദ്രന്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോഴിക്കോട് ജില്ലാ കോടതി ഇന്ന് വിധി പറയും. വിശദമായ വാദം കേള്‍ക്കണമെന്ന പ്രോസിക്യൂഷന്‍ ആവശ്യം പരിഗണിച്ച് കഴിഞ്ഞ ദിവസം മുഖൂര്‍ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുന്നത് കോടതി ഇന്നത്തേക്ക് മാറ്റിയിരുന്നു. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തീരുമാനമാകും വരെ സിവികിനെ അറസ്റ്റ് ചെയ്യുന്നത് കോടതി തടഞ്ഞിരുന്നു. 

സിവിക്കിനെ അറസ്റ്റ് ചെയ്യാത്തതിനെതിരെ ദളിത് സംഘടനകള്‍ പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്. ഒരാഴ്ചയ്ക്കകം നടപടിയുണ്ടായില്ലെങ്കില്‍ ഉത്തരമേഖല ഐജി ഓഫീസിന് മുന്നില്‍ പ്രക്ഷോഭം തുടങ്ങുമെന്നാണ് ദളിത് സംഘടനകളുടെ മുന്നറിയിപ്പ്. സാഹിത്യകാരന്മാരും സാംസ്‌കാരിക പ്രവര്‍ത്തകരുമടങ്ങുന്ന നൂറ് പേര്‍,  പ്രതിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിട്ടുണ്ട്. അതേസമയം ഒരു വിഭാഗം എഴുത്തുകാര്‍ ഇപ്പോഴും സിവികിനെ ന്യായീകരിക്കുകയാണ്.

'മകളേക്കാള്‍ പ്രായം കുറഞ്ഞ എന്നോട് ഇങ്ങനെ ചെയ്തയാളെ എങ്ങനെ ന്യായീകരിക്കുന്നു', സിവികിനെതിരെ കൂടുതല്‍ ആരോപണം

സിവിക് ചന്ദ്രനെതിരായ ലൈംഗിക പീഡന പരാതിയില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി ആദ്യം പരാതി നല്‍കിയ യുവ എഴുത്തുകാരി രംഗത്തെത്തിയിരുന്നു. 'വുമന്‍ എഗെയ്ന്‍സ്റ്റ് സെക്ഷ്വല്‍ ഹരാസ്‌മെന്റ് ' പേജിലാണ് തന്നോട്  സിവിക് ചന്ദ്രന്‍ ലൈംഗിക അതിക്രമം നടത്തിയത്  യുവതി വിശദീകരിച്ചത്. ഒരു സൗഹൃദ സദസ്സിന് ശേഷം, വഴിയില്‍ വച്ച് കയ്യില്‍ കയറി പിടിക്കുകയും ശരീരത്തോട് ചേര്‍ത്ത് നിര്‍ത്താന്‍ ശ്രമിക്കുകയും ചെയ്‌തെന്നും, മോശമായി പെരുമാറിയെന്നുമാണ് വെളിപ്പെടുത്തല്‍.

കുറിപ്പിങ്ങനെ...

ഒരു സൗഹൃദസദസ്സില്‍ നിന്നാണ് ഞാന്‍ ആദ്യമായി സിവിക് ചന്ദ്രനെ കാണുന്നത്. എന്നെ അറിയാവുന്നവരും സുഹൃത്തുക്കളുമെല്ലാമായിരുന്നു അന്ന് ആ കൂട്ടത്തിലുണ്ടായിരുന്ന ആളുകള്‍. അതിനാലാണ് കവിത വായനയും ചര്‍ച്ചയുമെല്ലാം കഴിഞ്ഞ് ഞങ്ങളില്‍ ചിലര്‍ മദ്യപിക്കാന്‍ തീരുമാനിച്ചത്. അതിനുശേഷം ഞങ്ങള്‍ എല്ലാവരുംകൂടി ഒത്തുകൂടിയിരുന്ന വീട്ടില്‍നിന്നിറങ്ങി തൊട്ടരികിലായുള്ള കടല്‍ തീരത്തേക്ക് നടന്നു. ആ സമയമാണ് അതുവരെ മാന്യമായി സംസാരിച്ചുകൊണ്ടിരുന്ന സിവിക് എന്റെ കൈയ്യില്‍ കയറിപിടിക്കുകയും ശരീരത്തിലേക്ക് ചേര്‍ത്തുനിര്‍ത്താന്‍ നോക്കുകയും ചെയ്തത്. 

ഞാന്‍ അയാളെ തള്ളിമാറ്റി. പറ്റുന്നത്ര അയാളില്‍നിന്ന് ഒഴിഞ്ഞുമാറി നടന്നു. കടല്‍തീരത്തെത്തിയപ്പോള്‍ എല്ലാവരും പലയിടങ്ങളിലായി ഇരിക്കുകയും സംസാരിക്കുകയും ചെയ്തുകൊണ്ടിരുന്നു. ഞാന്‍ കടലിനോട് ചേര്‍ന്നുള്ള തിണ്ടില്‍ ഇരുന്നു. ഈ സമയം സിവിക് അരികില്‍ വരികയും മടിയില്‍ പിടിച്ച് കിടത്താന്‍ ശ്രമിക്കുകയും ചെയ്തു. അതിനിടയില്‍ അയാല്‍ ശരീരത്തിലൂടെ കൈയ്യോടിക്കാന്‍ നോക്കുകയുണ്ടായി. ഇപ്പോഴും ഓര്‍മ്മിക്കുമ്പോള്‍ വല്ലാത്ത അസ്വസ്ഥതയാണ് അതെനിക്ക് സമ്മാനിക്കുന്നത്. 

നാണക്കേടുകൊണ്ടും ഭയങ്കൊണ്ടും വല്ലാത്തൊരു അവസ്ഥയിലായിരുന്നു ഞാനപ്പോള്‍. മറ്റുള്ളവര്‍ എന്നെ നോക്കുന്നുണ്ട്. ഒരുപക്ഷേ അയാള്‍ ആ പ്രവര്‍ത്തി തുടര്‍ന്നിരുന്നെങ്കില്‍ അവരപ്പോള്‍ ഇടപെടുമായിരുന്നു എന്ന് എനിക്ക് തോന്നുന്നു. കടലിലേക്കിറങ്ങി നില്‍ക്കുന്ന പാറപ്പുറത്തേക്ക് കയറി അയാളില്‍നിന്ന് രക്ഷപെടാന്‍ മറ്റുചിലര്‍ക്കൊപ്പം വല്ലാത്തൊരു മാനസികാവസ്ഥയിലാണ് ഞാന്‍ ചെന്നിരുന്നത്. 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media