രൂപയുടെ മൂല്യം ഇടിയുന്നു; രാജ്യാന്തര എണ്ണവിലയിലും കുറവ്
ദില്ലി:ഡോളര്‍ കരുത്താര്‍ജിച്ചതോടെ രാജ്യാന്തര എണ്ണവില വീണ്ടും കുറഞ്ഞു. രണ്ടു ദിവസം 75 ഡോളറിനു മുകളില്‍ നിന്ന ആഗോള എണ്ണവിലയാണ് കുറഞ്ഞത്. അതേസമയം ഇന്ത്യയ്ക്ക് ആശ്വസിക്കാന്‍ വകയില്ല. ഡോളറിനെതിരേ രൂപയുടെ മൂല്യം തുടര്‍ച്ചയായി ഇടിയുകയാണ്. മൂന്നു ദിവസംകൊണ്ട് രാജ്യാന്തര എണ്ണവിലയില്‍ ആറു ഡോളറിന്റെ കയറ്റം രേഖപ്പെടുത്തിയിരുന്നു. രാജ്യാന്തര തലത്തില്‍ ഒമിക്രോണ്‍ കേസുകള്‍ വര്‍ധിക്കുന്നതും എണ്ണയ്ക്കു വെല്ലുവിളിയാണ്. ഒമിക്രോണ്‍ വകഭേദത്തിന് വ്യാപാനശേഷിയുണ്ടെങ്കിലും ഡെല്‍റ്റയുടെ അത്രയും തീവ്രമല്ലെന്ന റിപ്പോര്‍ട്ടുകളുണ്ടെങ്കിലും ഒമിക്രോണിന് വേറെ വകഭേദം ഉണ്ടായെന്ന തരത്തില്‍ വാര്‍ത്തകളുണ്ട്.
രാജ്യാന്തര എണ്ണവിലയ്ക്ക് അനുസരിച്ചു പ്രാദേശിക ഇന്ധനവില നിശ്ചയിക്കുമെന്നു പ്രഖ്യാപിച്ച എണ്ണക്കമ്പനികള്‍ മൗനം തുടരുകയാണ്. ഒരു മാസത്തിനിടെ രാജ്യാന്തര എണ്ണവില കൂപ്പുകുത്തിയിട്ടും പ്രാദേശിക ഇന്ധനവിലയില്‍ ഒരു രൂപ പോലും കമ്പനികള്‍ കുറച്ചിട്ടില്ല. കഴിഞ്ഞ മാസാദ്യം കേന്ദ്ര സര്‍ക്കാര്‍ പെട്രോള്‍- ഡീസല്‍ വിലയില്‍ ഇളവുകള്‍ വരുത്തിയ ശേഷം എണ്ണക്കമ്പനികള്‍ മൗനത്തിലാണ്. 15 ദിവസത്തെ രാജ്യാന്തര എണ്ണവിലയുടെ ശരാശരി കണക്കാക്കിയാണ് പ്രാദേശിക വില നിശ്ചയിക്കുന്നതെന്ന വാദവും പൊളിഞ്ഞു കഴിഞ്ഞു. ഇളവുകള്‍ പരമാവധി വൈകിപ്പിക്കാനുള്ള എണ്ണക്കമ്പനികളുടെ നീക്കത്തില്‍ സര്‍ക്കാരും മൗനം തുടരുകയാണ്.