ചലനങ്ങളില്ലാതെ വിപണി വ്യാപാരം തുടങ്ങി
ഇന്ന് ബുധനാഴ്ച്ച വലിയ ചലനങ്ങളില്ലാതെ വിപണി വ്യാപാരം തുടങ്ങി. ആഗോള വിപണികളില്‍ കാര്യമായ സംഭവവികാസങ്ങളില്ലാത്തതാണ് ഇന്ത്യന്‍ സൂചികകളുടെ മെല്ലപ്പോക്കിന് കാരണം. രാവിലെ ബിഎസ്ഇ സെന്‍സെക്‌സ് സൂചിക 50 പോയിന്റ് ഇടറി 52,220 എന്ന നില രേഖപ്പെടുത്തി. ദേശീയ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ നിഫ്റ്റി ഫിഫ്റ്റി സൂചിക 15,750 മാര്‍ക്കിന് താഴേക്ക് വീണിട്ടുണ്ട്.
സെന്‍സെക്‌സില്‍ അള്‍ട്രാടെക്ക് സിമന്റാണ് ഏറ്റവും പിന്നില്‍. 1 ശതമാനം തകര്‍ച്ച അള്‍ട്രാടെക്ക് ഓഹരികളില്‍ കാണാം. മറുപക്ഷത്ത് 1 ശതമാനം നേട്ടവുമായി ഓഎന്‍ജിസി ബോംബെ സൂചികയില്‍ മുന്നിലുണ്ട്. വ്യവസായങ്ങള്‍ അടിസ്ഥാനപ്പെടുത്തിയുള്ള നിഫ്റ്റി വില സൂചികകളിലും സമ്മിശ്ര വികാരമാണ് ഉടലെടുക്കുന്നത്. കൂട്ടത്തില്‍ നിഫ്റ്റി ബാങ്ക് സൂചിക 0.4 ശതമാനം വരെ തകര്‍ച്ച കുറിക്കുന്നു.
വിശാല വിപണികള്‍ ബെഞ്ച്മാര്‍ക്ക് സൂചികകളെ രാവിലെ കടത്തിവെട്ടുന്നുണ്ട്. ബിഎസ്ഇ മിഡ്ക്യാപ് 0.3 ശതമാനവും സ്‌മോള്‍ക്യാപ് 0.6 ശതമാനവും വീതം മുന്നേറുന്നു. ഇന്ന് 37 കമ്പനികളാണ് മാര്‍ച്ച് പാദത്തിലെ സാമ്പത്തിക ഫലം പുറത്തുവിടാനിരിക്കുന്നത്. ഗെയില്‍ ഇന്ത്യ, ബാറ്റ ഇന്ത്യ, ബജാജ് ഹെല്‍ത്ത്‌കെയര്‍, സ്റ്റാര്‍ സിമന്റ് തുടങ്ങിയ പ്രമുഖര്‍ ഇക്കൂട്ടത്തിലുണ്ട്.