മതവിശ്വാസം മറ്റൊരാളുടെ മേല്‍ അടിച്ചേല്‍പ്പിക്കാന്‍ പാടില്ല: ഭരണഘടനക്ക് മുകളിലല്ല മതവിശ്വാസം: ഹൈക്കോടതി
 



കൊച്ചി : ഇന്ത്യയില്‍ ഭരണഘടനക്ക് മുകളിലല്ല മതവിശ്വാസമെന്ന് കേരള ഹൈക്കോടതി. ഒരാളുടെ മതവിശ്വാസം മറ്റൊരാളുടെ മേല്‍ അടിച്ചേല്‍പ്പിക്കാന്‍ പാടില്ലെന്നും ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണന്‍ വ്യക്തമാക്കി. മുന്‍മന്ത്രി ഡോ. തോമസ് ഐസക്കിന് ഹസ്തദാനം നല്‍കിയ, മുസ്ലീം പെണ്‍കുട്ടിയെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോട്ടക്കല്‍ സ്വദേശി അബ്ദുല്‍ നൗഷാദ് നല്‍കിയ ഹര്‍ജി തള്ളിയാണ് ഹൈക്കോടതി നിരീക്ഷണം. പെണ്‍കുട്ടിയുടെ പരാതിയില്‍ കലാപത്തിന് ശ്രമിച്ചുവെന്നതുള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരമാണ് കോഴിക്കോട് കുന്നമംഗലം പൊലീസ് ഇയാള്‍ക്ക് എതിരെ കേസെടുത്തത്. 

2017ല്‍ കോഴിക്കോട് കാരന്തൂര്‍ മര്‍ക്കസ് കോളേജില്‍ അന്ന് ധനമന്ത്രിയായിരുന്ന തോമസ് ഐസക്ക് വിദ്യാര്‍ത്ഥികളുമായി സംവാദത്തിന് എത്തിയിരുന്നു. സമ്മാനദാനത്തിനിടെ അദ്ദേഹം വിദ്യാര്‍ത്ഥികള്‍ക്ക് ഹസ്തദാനം നല്‍കി. കൂട്ടത്തില്‍ എല്‍എല്‍ബിക്ക് പഠിക്കുന്ന മുസ്ലീം പെണ്‍കുട്ടിയുമുണ്ടായിരുന്നു. ഈ ദൃശ്യമടക്കം സാമൂഹികമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച ഹര്‍ജിക്കാരനായ അബ്ദുല്‍ നൗഷാദ് വിദ്യാര്‍ത്ഥിനി ശരി അത്ത് നിയമം ലംഘിച്ചെന്ന് ആരോപിക്കുകയും ചെയ്തു. തുടര്‍ന്നാണ് തനിക്കും കുടുംബത്തിനും അപകീര്‍ത്തിയുണ്ടാക്കിയെന്ന് കാട്ടി പെണ്‍കുട്ടി പരാതിപ്പെട്ടതും കുന്ദമംഗലം പൊലീസ് കേസെടുത്തതും. തനിക്കെതിരെ ചുമത്തിയ വകുപ്പുകള്‍ നിലനില്‍ക്കില്ലെന്ന വാദവുമായാണ് അബ്ദുള്‍ നൗഷാദ് ഹൈക്കോടതിയെ സമീപിച്ചത്. 

തനിക്ക് സമ്മാനം നല്‍കിയ സംസ്ഥാന മന്ത്രിക്ക് സ്വന്തം ഇഷ്ടപ്രകാരം ഹസ്തദാനം നല്‍കിയ പെണ്‍കുട്ടിയോട് വിയോജിക്കാനും വിമര്‍ശിക്കാനും ഹര്‍ജിക്കാരന് എന്ത് കാര്യമെന്നാണ് ഹൈക്കോടതി ചോദിച്ചത്. തനിക്ക് നേരിട്ട മാനഹാനിക്കെതിരെ ധീരമായി പ്രതികരിച്ച പെണ്‍കുട്ടിക്ക് ഭരണഘടനാപരമായ സംരക്ഷണം നല്‍കേണ്ടതുണ്ടെന്നും പിന്‍തുണയ്‌ക്കേണ്ടത് സമൂഹത്തിന്റെ കടമയാണെന്നും കോടതി പറഞ്ഞു. ഇഷ്ടമുള്ള മതവിശ്വാസം പിന്തുടരാനല്ലാതെ മറ്റുള്ളവരില്‍ അടിച്ചേല്‍പ്പിക്കാന്‍ ആര്‍ക്കും അവകാശമില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. മതാചാരങ്ങള്‍ പാലിക്കാന്‍ ആരെയും നിര്‍ബന്ധിക്കരുതെന്ന് ഖുറാന്‍ വചനങ്ങളിലും വ്യക്തമാണെന്നും, ഇന്ത്യയില്‍ പരമാധികാരം ഭരണഘടനക്കാണെന്നും ജസ്റ്റിസ് പി കുഞ്ഞികൃഷ്ണന്‍ ഓര്‍മ്മപ്പെടുത്തി.

ഹര്‍ജിക്കാരന്‍ ചെയ്ത കുറ്റങ്ങള്‍ക്ക് തെളിവുണ്ടെങ്കില്‍ വിഷയം ഗുരുതരമാണെന്നും കോടതി വിലയിരുത്തി. തനിക്കെതിരെ ചുമത്തിയ രണ്ട് വകുപ്പുകള്‍ നിലനില്‍ക്കില്ലെന്ന വാദം ഹര്‍ജിക്കാരന് വിചാരണക്കോടതിയില്‍ ഉന്നയിക്കാം. നിരപരാധിയാണെങ്കില്‍ അത് തെളിയിക്കാനുള്ള വാദമുഖങ്ങളും വിചാരണ കോടതിയില്‍ അവതരിപ്പിക്കാമെന്നും കോടതി ചൂണ്ടിക്കാട്ടി.   


 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media