ഓക്‌സിജന്‍ ക്ഷാമം, കുറയാത്ത കൊവിഡ് കേസുകളും; ഡല്‍ഹിയിലെ ലോക്ക് ഡൗണ്‍ നീട്ടിയേക്കും
ദില്ലി: രാജ്യത്ത് കുതിച്ചുയരുന്ന കൊവിഡ് കേസുകളുടെ പശ്ചാത്തലത്തില്‍ നിലവില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ലോക്ക് ഡൗണ്‍ ഒരാഴ്ചത്തേക്ക് കൂടി നീട്ടിയേക്കുമെന്ന് സൂചന. ദേശീയ മാധ്യമമായ എന്‍ഡിടിവിയാണ് ഇത്തരത്തില്‍ ഒരു റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. ലോക്ക്ഡൗണ്‍ നീട്ടുന്നതിനുള്ള ഉത്തരവ് ഡല്‍ഹി ദുരന്ത നിവാരണ അതോറിറ്റി (ഡിഡിഎംഎ) ഇന്ന് പുറപ്പെടുവിക്കുമെന്നാണ് മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്.
ആദ്യ ലോക്ക് ഡൗണ്‍ തിങ്കളാഴ്ച അവസാനിക്കും
കഴിഞ്ഞ ആഴ്ചയാണ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ആറ് ദിവസത്തേക്ക് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരുന്നത്. ഇതിന്റെ കാലാവധി തിങ്കളാഴ്ച അവസാനിക്കാനിരിക്കെയാണ് ഇത് വീണ്ടും നീട്ടാനുള്ള സാധ്യത മുന്നില്‍ കാണുന്നത്. ഇപ്പോള്‍ ഒരു ലോക്ക്ഡൗണ്‍ ചുമത്തിയില്ലെങ്കില്‍, ഒരു വലിയ വിപത്തിനെ അഭിമുഖീകരിച്ചേക്കാം. സര്‍ക്കാര്‍ നിങ്ങളെ പൂര്‍ണ്ണമായി പരിപാലിക്കും. സാഹചര്യം കണക്കിലെടുത്ത് ഈ കടുത്ത തീരുമാനമെടുത്തു. എന്നാണ്, കെജ്രിവാള്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നത്.
ചില പ്രദേശങ്ങളില്‍ ലോക്ക് ഡൗണ്‍ അനിവാര്യം
നിലവിലെ രാജ്യത്തെ അവസ്ഥയില്‍ ചില പ്രദേശങ്ങളില്‍ എങ്കിലും ലോക്ക് ഡൗണ്‍ അനിവാര്യമാണെന്ന് ഡല്‍ഹി എയിംസ് മേധാവി ഡോ. രണ്‍ദീപ് ഗുലേറിയ വ്യക്തമാക്കി. എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് ഗുലേറിയ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.ഉയര്‍ന്ന നിരക്കിലുള്ള രോഗബാധ നിരക്കും നമ്മള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. അത് ഉയര്‍ന്നതാണെങ്കില്‍ നമുക്ക് കണ്ടെയിന്‍മെന്റ് സോണുകളും ലോക്ക് ഡൗണുകളും അവശ്യമാണ്. അങ്ങിനെ മാത്രമേ ഈ ശൃംഖല തകരുകയും കേസുകളുടെ എണ്ണം കുറയുകയും ചെയ്യുന്നുവെന്ന് അദ്ദേഹം പറയുന്നു.