ഡല്‍ഹിയിലെ മലിനവായുവിനു കാരണം പാകിസ്ഥാന്‍;
യുപി സര്‍ക്കാരിന്റെ മറുപടിയെ വിമര്‍ശിച്ച് സുപ്രീം കോടതി
ദില്ലി:: ഡല്‍ഹി ഉള്‍പ്പെടെയുള്ള ഉത്തരേന്ത്യന്‍ മേഖലയില്‍ കടുത്ത വായൂമലിനീകരണം തുടരുന്നതിനിടെ യുപി സര്‍ക്കാരിന് സുപ്രീം കോടതിയുടെ കടുത്ത മറുപടി. മലിനീകരണത്തിന് പാകിസ്ഥാനെ കുറ്റപ്പെടുത്തുന്ന യുപി സര്‍ക്കാരിന്റെ മറുപടിയ്ക്ക് പിന്നാലെയായിരുന്നു സുപ്രീം കോടതിയുടെ ചോദ്യം.ഇനി പാകിസ്ഥാനിലെ വ്യവസായങ്ങളും നിരോധിക്കണോ എന്നായിരുന്നു സുപ്രീം കോടതിയുടെ ചോദ്യം. പാകിസ്ഥാനില്‍ നിന്നെത്തുന്ന മലിന വായുവാണ് ഡല്‍ഹിയിലെ വായൂമലിനീകരണത്തിന് കാരണമെന്നായിരുന്നു യുപി സര്‍ക്കാരിനു വേണ്ടി സുപ്രീം കോടതിയില്‍ ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ രഞ്ജിത് കുമാര്‍ വിശദീകരിച്ചത്. എന്നാല്‍ 'പാകിസ്ഥാനിലെ വ്യവസായശാലകളും നിരോധിക്കണം എന്നാണോ നിങ്ങള്‍ ഞങ്ങളോടു പറയുന്നത്?' എന്നായിരുന്നു ചീഫ് ജസ്റ്റിസ് എന്‍ വി രമണയുടെ ചോദ്യം.
ഉത്തര്‍ പ്രദേശിലെ വ്യവസായശാലകള്‍ക്ക് ഡല്‍ഹിയിലെ വായൂ മലിനീകരിക്കുന്നതില്‍ പങ്കില്ലെന്നായിരുന്നു സംസ്ഥാന സര്‍ക്കാര്‍ നിലപാട്. സംസ്ഥാനത്തെ വ്യവസായശാലകള്‍ കാറ്റിന്റെ എതിര്‍ദിശയില്‍ സ്ഥിതി ചെയ്യുന്നതിനാല്‍ ഇവിടെ നിന്നുള്ള മലിനവായൂ ഡല്‍ഹിയിലേയ്ക്ക എത്തുന്നില്ലെന്ന് സര്‍ക്കാര് അറിയിച്ചു. ഈ സാഹചര്യം പരിഗണിച്ച് യുപിയിലെ വ്യവസായശാലകള്‍ അടയ്ക്കരുതെന്നും സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടു. വ്യവസായശാലകള്‍ അടച്ചിട്ടാല്‍ പഞ്ചസാര, പാല്‍ വ്യവസായങ്ങളെ ഇതു ബാധിക്കുമെന്നും യുപി സര്‍ക്കാര്‍ നിലപാടെടുത്തു.
ഡല്‍ഹി നഗരമേഖലയില മലിനീകരണം സംബന്ധിച്ച് ഒരു ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു യുപി സര്‍ക്കാരിനോട് സുപ്രീം കോടതിയുടെ ചോദ്യം. വ്യാഴാഴ്ച മേഖലയില്‍ ചെറിയ മഴ ലഭിച്ചതോടെ വായൂനിലവാരം മെച്ചപ്പെട്ടെങ്കിലും ഇപ്പോഴും വായുവിന്റെ നിലവാരം ഭേദപ്പെട്ട നിലയിലെത്തിയിട്ടില്ല. സ്ഥിതി നിയന്ത്രിക്കാനായി ഡല്‍ഹിയില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് സുപ്രീം കോടതി വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ആശുപത്രികളുടെ നിര്‍മാണത്തിന് വിലക്ക് ബാധകമല്ല.
വായൂമലിനീകരണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഉടന്‍ പരിഹാരം നിര്‍ദേശിക്കാന്‍ കേന്ദ്രസര്‍ക്കാരിനും ഡല്‍ഹി സര്‍ക്കാരിനും കഴിഞ്ഞ ദിവസം സുപ്രീം കോടതി അന്ത്യശാസനം നല്‍കിയിരുന്നു. ഇതോടെ ഡല്‍ഹിയിലെ സ്‌കൂളുകളും അനിശ്ചികാലത്തേയ്ക്ക് അടച്ചിട്ടു. മുതിര്‍ന്നവര്‍ക്ക് വീട്ടിലിരുന്നു ജോലി ചെയ്യാന്‍ സാധിക്കുമ്പോള്‍ മൂന്നും നാലും വയസുള്ള കുട്ടികളെ സ്‌കൂളില്‍ അയയ്ക്കുന്നതിന്റെ യുക്തി എന്താണെന്നായിരുന്നു സുപ്രീം കോടതി ചോദിച്ചത്. എന്നാല്‍ പാഠഭാഗങ്ങള്‍ തീരാനുള്ളതു കൊണ്ടാണ് സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നതെന്നും ആവശ്യക്കാര്‍ക്കായി ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്തുന്നുണ്ടെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. അതേസമയം, ഡല്‍ഹി സര്‍ക്കാര്‍ ഇക്കാര്യത്തില്‍ സുപ്രീം കോടതിയുടെ വിമര്‍ശനത്തിന് ഇരയായി.