കൊവിഡ് വാക്‌സിന്‍: പാര്‍ശ്വഫലങ്ങളുണ്ടായാല്‍
ഉത്തരവാദിത്വം കമ്പനികള്‍ക്കെന്ന് കേന്ദ്രം
ദില്ലി: കൊവിഡ് വാക്‌സിന്‍ കുത്തിവെക്കുമ്പോള്‍ പാര്‍ശ്വഫലങ്ങളുണ്ടായാല്‍ ഉത്തരവാദിത്വം കമ്പനികള്‍ക്കെന്ന് കേന്ദ്ര സര്‍ക്കാര്‍. നഷ്ടപരിഹാരം കമ്പനികള്‍ നല്‍കണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിലപാട് വ്യക്തമാക്കി. പാര്‍ശ്വഫലങ്ങള്‍ ഉണ്ടായാല്‍ ഉത്തരവാദിത്വം കേന്ദ്രം കൂടി ഏറ്റെടുക്കണമെന്ന കമ്പനികളുടെ ആവശ്യവും കേന്ദ്രം തള്ളി.
മൂന്നാം ഘട്ട പരീക്ഷണത്തില്‍ നില്‍ക്കുന്ന ഭാരത് ബയോടെക്കിന്റെ കോ-വാക്‌സിന്‍ ഉപയോഗിക്കുന്നതില്‍ ആശങ്ക അറിയിച്ച് സംസ്ഥാനങ്ങള്‍ പരസ്യമായി രംഗത്തുവന്നിരുന്നു. മറ്റന്നാള്‍ മുതല്‍ രാജ്യത്ത് വാക്‌സിന്‍ കുത്തിവെപ്പ് ആരംഭിക്കാനിരിക്കെയാണ് കുത്തിവെപ്പില്‍ പാര്‍ശ്വഫലങ്ങള്‍ ഉണ്ടായാല്‍ ഉത്തരവാദിത്വം കമ്പനികള്‍ക്കാണെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയത്. നഷ്ടപരിഹാരം കമ്പനികള്‍ നല്‍കണമെന്നും, നിയമനടപടികള്‍ കമ്പനികള്‍ തന്നെ നേരിടേണ്ടി വരുമെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. വാക്‌സിന്‍ കുത്തിവെച്ചാല്‍ പാര്‍ശ്വ ഫലങ്ങള്‍ ഉണ്ടായാല്‍ ഉടന്‍ സര്‍ക്കാരിനെ അറിയിക്കണം. ഡിസിജിഐ നയങ്ങളില്‍ ഡ്രഗ്‌സ് ആന്‍ഡ് കോസ്‌മെറ്റിക്‌സ് ആക്ട്/ സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡേര്‍ഡൈ കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ അടിസ്ഥാനമാക്കി നടപടി നേരിടേണ്ടിവരുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഇക്കാര്യങ്ങള്‍ വ്യക്തമാക്കി സിറം ഇന്‍സ്റ്റിറ്റ്യൂട്ടിനും, ഭാരത് ബയോടെക്‌നും സര്‍ക്കാര്‍ കത്ത് നല്‍കി.
പാര്‍ശ്വഫലം ഉണ്ടായാല്‍ ഉത്തരവാദിത്വം സര്‍ക്കാരിന് കൂടി ഉണ്ടെന്നായിരുന്നു മരുന്നു കമ്പനികളുടെ വാദം. കാനഡ, സിംഗപ്പൂര്‍, യുഎസ്, യുകെ, തുടങ്ങിയ ഇടങ്ങളില്‍ കമ്പനികളുടെ വാദം സര്‍ക്കാരുകള്‍ അംഗീകരിച്ചിരുന്നു. കമ്പനികള്‍ക്ക് വരുന്ന ബാധ്യതയുടെ പങ്ക് സര്‍ക്കാര്‍ വഹിക്കാമെന്നാണ് ഈ രാജ്യങ്ങളിലെ തീരുമാനം. രാജ്യത്ത് മൂവായിരത്തോളം കേന്ദ്രങ്ങളിലാണ് വാക്‌സിനേഷന്‍ ശനിയാഴ്ച ആരംഭിക്കുക.