വിജയ് മല്യയുടെ കണ്ടുകെട്ടിയ സ്വത്തുക്കള്‍ ബാങ്കുകള്‍ക്ക്
മുംബൈ: കിങ്ഫിഷര്‍ മേധാവി വിജയ് മല്യയില്‍ നിന്ന് പണം തിരികെ ലഭിക്കാന്‍ പാടുപെടുന്ന ബാങ്കുകള്‍ക്ക് ആശ്വാസം. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമ പ്രകാരം പിടിച്ചെടുത്തഎന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പിടിച്ചെടുത്ത മല്യയുടെ സ്വത്തുക്കള്‍ ബാങ്കുകള്‍ക്ക് നല്‍കും.
സ്റ്റോറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലുള്ള ബാങ്കുകളുടെ കണ്‍സോര്‍ഷ്യം 9,000 കോടിയിലധികം രൂപയാണ് മല്യക്ക് നല്‍കിയത് 17 ബാങ്കുകളുടെ നേതൃത്വത്തിലുള്ള കണ്‍സോര്‍ഷ്യമാണിത്. വിജയ് മല്യയുടെ സ്വത്തുക്കളുടെ മേല്‍നോട്ടം ഇനി ബാങ്ക് കണ്‍സോര്‍ഷ്യത്തിനാണ് . ബാങ്കുകളുടെ കുടിശ്ശിക ഈടാക്കാന്‍ ഈ സ്വത്തുക്കള്‍ ലേലം ചെയ്യാനാകും. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ഇതു സംബന്ധിച്ച ഉത്തരവ് പുറത്ത് വന്നത്.
65 കാരനായ വിജയ് മല്യയുടെ 12,000 കോടി രൂപ മൂല്യമുള്ള സ്വത്തുക്കള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടു കെട്ടിയിരുന്നു. ഇതില്‍ സ്ഥാവരജംഗമ സ്വത്തുക്കളും ഉള്‍പ്പെടുന്നു. ഈ സ്വത്തുക്കളില്‍ ഭൂരിഭാഗവും മല്യ ലോണുകള്‍ക്ക് ഈടായി ഉപയോഗിച്ചിരുന്നതാണ്. നേരത്തെ ഈ സ്വത്തുക്കള്‍ കൈമാറാന്‍ ഇഡി വിസമ്മതിച്ചിരുന്നു.
അതേസമയം ഇന്ത്യയിലെ നിയമനടപടികള്‍ക്കുള്ള ചെലവുകള്‍ വഹിക്കുന്നതുമായി ബന്ധപ്പെട്ട വിജയ് മല്യയുടെ അപ്പീല്‍ ലണ്ടന്‍ കോടതി നിരസിച്ചു. യുണൈറ്റഡ് ബ്രൂവറീസ് , കിംങ്ഫിഷര്‍ എയര്‍ലൈന്‍സ് എന്നീ കമ്പനികളുടെ ചെയര്‍മാന്‍ സ്ഥാനം വഹിച്ചിരുന്ന മല്യ ഒരു കാലത്ത് ലോകത്തിലെ തന്നെ ഏറ്റവും വലിയ ധനികര്‍ക്കൊപ്പമുണ്ടായിരുന്നു പിന്നീട് വായ്പാ തട്ടിപ്പ് ഉള്‍പ്പെടെയുള്ള കേസുകളില്‍ കുടുങ്ങുകയായിരുന്നു.