ശ്രീലങ്കന്‍ തീരത്ത് ചക്രവാതച്ചുഴി: തമിഴ്‌നാട്ടിലും കേരളത്തിലും കനത്തമഴയ്ക്ക് സാധ്യത
ചെന്നൈ: തമിഴ്‌നാടിന്റെ ( തെക്കന്‍ ജില്ലകളില്‍ കനത്ത മഴ തുടരുന്നു. തൂത്തുക്കുടി, തിരുനെല്‍വേലി,രാമനാഥപുരം,കന്യാകുമാരി, നാഗപട്ടണം ജില്ലകളിലാണ് ശക്തമായ മഴ തുടരുന്നത്. തൂത്തുക്കുടിയില്‍ റെയില്‍വെ സ്റ്റേഷനും സര്‍ക്കാര്‍ ആശുപത്രിയും ഉള്‍പ്പെടെ വെള്ളക്കെട്ടിനടിയിലായി. തിരുച്ചന്തൂര്‍ മുരുകന്‍ ക്ഷേത്രത്തില്‍ വെള്ളം കയറി. വിവിധ ജില്ലകളില്‍ രക്ഷാപ്രവര്‍ത്തനത്തിനായി ദേശീയ, സംസ്ഥാന ദുരന്തനിവാരണ സേനകളെ വിന്യസിച്ചിട്ടുണ്ട്.
ഇതുവരെ ആറ് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ചെന്നൈ ഉള്‍പ്പെടെ 22 ജില്ലകളില്‍ മുഴുവന്‍ വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധിയാണ്. ചെന്നൈ നഗരത്തിലെ ചിലയിടങ്ങളില്‍ വീണ്ടും വെള്ളക്കെട്ട് രൂപപ്പെട്ടു.. നിലവില്‍ ഓറഞ്ച് അലര്‍ട്ടാണ് ചെന്നൈയ്ക്ക് നല്‍കിയിരിക്കുന്നത്. കനത്ത മഴയില്‍ ചെന്നൈയില്‍ വെള്ളക്കെട്ട് ഉണ്ടാവുന്നത് ഒഴിവാക്കാനുള്ള ഭഗീരഥ പ്രയത്‌നത്തിലാണ് അധികൃതര്‍. അടുത്ത 48 മണിക്കൂര്‍ കൂടി മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. പുതുച്ചേരി, കാരയ്ക്കാല്‍ മേഖലകളിലും മഴ മുന്നറിയിപ്പുണ്ട്.
ബംഗാള്‍ ഉള്‍ക്കടലില്‍ ശ്രീലങ്കന്‍ തീരത്തായി രൂപപ്പെട്ട ചക്രവാതച്ചുഴിയാണ് നിലവില്‍ തമിഴ്‌നാട്ടിലും തെക്കന്‍-മധ്യകേരളത്തിലും കനത്ത മഴയ്ക്ക് വഴിയൊരുക്കുന്നതെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ അറിയിക്കുന്നത്. ചക്രവാതച്ചുഴി നിലനില്‍ക്കുമ്പോള്‍ തന്നെ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം തിങ്കളാഴ്ചയോടെ രൂപപ്പെടുമെന്നാണ് പ്രവചനം. തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍കടലില്‍ ശ്രീലങ്ക തീരത്ത് നിലനിന്നിരുന്ന ചക്രവാതചുഴി നിലവില്‍ കോമറിന്‍ ഭാഗത്തും സമീപത്തുള്ള ശ്രീലങ്ക തീരത്തുമായിട്ടാണ് സ്ഥിതി ചെയ്യുന്നത്. ബംഗാള്‍ ഉള്‍കടലിലെ പുതിയ ന്യൂനമര്‍ദ്ദം ആന്തമാന്‍ കടലില്‍ നവംബര്‍ 29 ഓടെ രൂപപ്പെട്ടു പടിഞ്ഞാറു - വടക്ക് പടിഞ്ഞാറു ദിശയില്‍ സഞ്ചരിച്ചു ശക്തി പ്രാപിക്കാനാണ് സാധ്യത. നിലവിലെ സാഹചര്യത്തില്‍ കേരളത്തില്‍ നവംബര്‍ 29 വരെ ഒറ്റപ്പെട്ട ശക്തമായ മഴ തുടരാനാണ് സാധ്യത.