മക്കള്‍ മന്‍ട്രം പിരിച്ചുവിട്ടു; രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് ആവര്‍ത്തിച്ച് രജനീകാന്ത്
ചെന്നൈ: രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് വ്യക്തമാക്കി തമിഴ് സൂപ്പര്‍ താരം രജനികാന്ത്. രാഷ്ട്രീയ പ്രവേശത്തിനായി രൂപീകരിച്ച മക്കള്‍ മന്‍ട്രം പിരിച്ചുവിട്ടതായി താരം അറിയിച്ചു. അതേസമയം രാഷ്ട്രീയ കൂട്ടായ്മയില്‍ നിന്ന് മാറി ആരാധക കൂട്ടായ്മയായി മക്കള്‍ മന്‍ട്രം തുടരുമെന്നും ചെന്നൈയില്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ രജനികാന്ത് പറഞ്ഞു മക്കല്‍ മന്‍ട്രം പ്രവര്‍ത്തകരുമായി നടത്തിയ ചര്‍ച്ചകളെ തുടര്‍ന്നാണ് തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാഷ്ട്രീയ സ്വഭാവം സംഘടന പൂര്‍ണമായി ഉപേക്ഷിച്ചെന്നും അദ്ദേഹം പറഞ്ഞു.
2020 ഡിസംബറിലാണ് രാഷ്ട്രീയ രംഗപ്രവേശന സൂചനകള്‍ നല്‍കി രജനീകാന്ത് രംഗത്തെത്തിയത്. 2021 ജനുവരിയില്‍ പാര്‍ട്ടിയുടെ പേര് പ്രഖ്യാപിക്കുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ അനാരോഗ്യ കാരണങ്ങളാല്‍ പിന്നീട് രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് അദ്ദേഹം അറിയിക്കുകയായിരുന്നു. തീരുമാനത്തില്‍ മാറ്റം വരുത്തണമെന്ന് ആരാധകര്‍ രജനിക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തിയെങ്കിലുും തന്നെ വേദനപ്പിക്കരുതെന്നായിരുന്നു താരത്തിന്റെ പ്രതികരണം. അതേസമയം രാഷ്ട്രയത്തിലേക്കുള്ള നീക്കം ഉപേക്ഷിച്ച ശേഷവും ബിജെപി നേതാക്കള്‍ രജനിയെ പിന്തുണക്കാന്‍ ശ്രമിച്ചിരുന്നു.