നടിയെ ആക്രമിച്ച കേസ്; വിചാരണ നിര്‍ത്തി നിര്‍ത്തിവെക്കണമെന്ന്
ആവശ്യപ്പെട്ട് പൊലീസ് നല്‍കിയ ഹര്‍ജി ഇന്ന് പരിഗണിക്കും
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് നല്‍കിയ ഹര്‍ജി എറണാകുളം പ്രത്യേക കോടതി ഇന്ന് പരിഗണിക്കും. ദിലീപിനെതിരായ വെളിപ്പെടുത്തല്‍ നടത്തിയ സംവിധായകന്‍ ബാലചന്ദ്ര കുമാറിന് ഉടന്‍ നോട്ടിസ് നല്‍കും. നടിയെ ആക്രമിച്ച കേസിലെ മുഖ്യ പ്രതി സുനില്‍ കുമാറുമായി ദിലീപിന് ബന്ധമുണ്ടെന്നും, നടിയുടെ അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ ദിലീപിന്റെ കൈവശമുണ്ടെന്നും സംവിധായകന്‍ ബാലചന്ദ്ര കുമാര്‍ വെളിപ്പെടുത്തിയിരുന്നു. ബാലചന്ദ്രന്റെ വെളിപ്പെടുത്തല്‍ മുഖ്യ തെളിവാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍.
നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ മെമ്മറി കാര്‍ഡ് കണ്ടെത്താന്‍ ആയിട്ടില്ലെന്നും അതില്‍ അന്വേഷണം തുടരുകയാണെന്നും രണ്ടാം ഘട്ട കുറ്റപത്രത്തില്‍തന്നെ പൊലീസ് വ്യക്തമാക്കിയിരുന്നു. മാത്രമല്ല നടിയുടെ അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ ദിലീപിന്റെ കൈവശമുണ്ടെന്നുമുള്ള വെളിപ്പെടുത്തല്‍ അന്വേഷണ സംഘം വിചാരണ കോടതിയെ അറിയിച്ചിട്ടുണ്ട്. ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിക്കുകയാണെന്നാണ് പുതുതായി കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പൊലീസ് വ്യക്തമാക്കിയത്. ഇതൊടൊപ്പം കേസില്‍ അന്തിമ കുറ്റപത്രം നല്‍കുന്നത് വരെ വിചാരണ നിര്‍ത്തി വെക്കണമെന്ന അപേക്ഷയും പൊലീസ് നല്‍കിയിരുന്നു.
അതേസമയം കേസില്‍ ആശങ്ക രേഖപ്പെടുത്തി ആക്രമിക്കപ്പെട്ട നടിയും രംഗത്തെത്തിയിരുന്നു. തുടരന്വേഷണം ആവശ്യപ്പെട്ട് നടി മുഖ്യമന്ത്രിക്ക് കഴിഞ്ഞ ദിവസം കത്തയച്ചിരുന്നു. സംവിധായകന്‍ ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലില്‍ അന്വേഷണം വേണമെന്നും രണ്ടാം പബ്ലിക് പ്രോസിക്യൂട്ടറുടെ രാജിയില്‍ ആശങ്കയുണ്ടെന്നും നടി കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.