കോഴിക്കോട്: യദുകൃഷ്ണന്റെ ഹൃദയത്തിന്റെ മിടിപ്പ് നിലയ്ക്കുന്നില്ല. അവന്റെ തുടിക്കുന്ന ഹൃദയവുമായി നസീഫ ഇസ്മയില്‍. മകന്റെ വിരഹ ദു:ഖം മനസിലൊതുക്കി ആ അപൂര്‍വ്വ നിമിഷത്തിനു സാക്ഷിയാകാന്‍ യദുകൃഷ്ണന്റെ അച്ഛന്‍ സുരേഷും ബന്ധുക്കളുമെത്തിയിരുന്നു. ഹൃദയം കഥപറയുന്നതിനു സാക്ഷിയാവാന്‍ കേരളത്തിന്റെ വാനംപാടി കെ.എസ്. ചിത്രയുമുണ്ടായിരുന്നു. കോഴിക്കോട് മെട്രൊ മെഡ് ഇന്റര്‍നാഷണല്‍ കാര്‍ഡിക് സെന്ററാണ് കരളലിയിക്കുന്ന നമിഷത്തിന് സാക്ഷിയായത്. യദുവിന്റെ ഹൃദയമേറ്റുവാങ്ങി ജീവിതത്തിലേക്കു മടങ്ങിയ നസീഫ തനിക്ക് ജീവന്‍ തിരിച്ചു തന്നവരോട് നന്ദി പറഞ്ഞു. പിന്നെ കേക്ക് മുറിച്ച് എല്ലാവര്‍ക്കും മധുരം പങ്കുവെച്ചു.
കോഴിക്കോട് എലത്തൂര്‍ സ്വദേശിയായ യദുകൃഷ്ണന് അപകടത്തില്‍ മസ്തിഷ്‌ക മരണം സംഭവിച്ചതിനെത്തുടര്‍ന്ന് മകന്റെ ഹൃദയം ദാനം ചെയ്യാന്‍ കുടുംബാംഗങ്ങള്‍ തയ്യാറായി. മകന്റെ ഹൃദയമെങ്കിലും മറ്റൊരാളിലൂടെ തുടിക്കുമല്ലോ എന്നായിരുന്നു അവരുടെ ചിന്ത.
കാസര്‍കോട് പടന്ന സ്വദേശി നസീഫ ഇസ്മയിലിനാണ് യദുകൃഷ്ണന്റെ ഹൃദയം ലഭിച്ചത്. 2006 മുതല്‍ ഹൃദ്രോഗം പിടിപെട്ട് അവശ നിലയിലായിരുന്നു നഫീസ. 2022 ജൂലൈ 14നാണ് നഫീസയ്ക്ക് മെട്രോമെഡ് കാര്‍ഡിയാക് സെന്ററില്‍ ട്രാന്‍സ്പ്ലാന്റ് സര്‍ജനായ ഡോ. വി.നന്ദകുമാറിന്റെ നേതൃത്വത്തില്‍ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടന്നത്. ഇന്നലെ പൂര്‍ണ ആരോഗ്യവതിയായി നഫീസ അശുപത്രി വിട്ടു. അതിന്റെ മുന്നോടിയായിട്ടായിരുന്നു ആ കൂടിച്ചേരല്‍. നസീഫയുടേത് മെട്രോമെഡില്‍ നടക്കുന്ന എട്ടാമത്തെ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയാണ്. മെട്രോ മെഡ് ചെയര്‍മാന്‍ ഡോ. പി.പി.മുഹമ്മദ് മുസ്തഫ , ഡോ.വി നന്ദകുമാര്‍, ഡോ.വി.പി.ഗരീഷ്, ഡോ. അശോക് ജയരാജ് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.