അബൂദബിയില്‍ 16 വയസ്സില്‍ താഴെയുള്ളവര്‍ക്ക് വാക്സിനേഷന് നിര്‍ബന്ധമാക്കില്ല
അബൂദബി: 16 വയസ്സിൽ താഴെയുള്ള വിദ്യാര്‍ഥികള്‍ക്ക് വാക്സിനേഷന് നിര്‍ബന്ധമാക്കാന്‍ അനുവദിക്കില്ലെന്ന് സ്കൂള്‍ അധികൃതരെ ഓര്‍മിപ്പിച്ച് അബൂദബി വിദ്യാഭ്യാസ വകുപ്പ്. വിദ്യാര്‍ഥികളുടെ വാക്സിനേഷന് നിരക്ക് അനുസരിച്ച് സ്കൂളുകളെ വിവിധ ഗ്രേഡുകളായി തിരിക്കുന്ന ബ്ലൂ സ്കൂള്‍സ് പദ്ധതി നടപ്പിലാക്കിയതിന് പിന്നാലെയാണ് വിദ്യാഭ്യാസ, വിജ്ഞാന വകുപ്പിെൻറ (അഡെക്) മുന്നറിയിപ്പ്. വിദ്യാര്‍ഥികളുടെ വാക്സിനേഷന് ശതമാനം കണക്കാക്കുന്നതിന് പ്രത്യേക ഫോര്‍മുല അടക്കമുള്ള മാര്‍ഗ രേഖകളും വിദ്യാഭ്യാസ വകുപ്പ് തയാറാക്കിയിട്ടുണ്ട്. അതേസമയം, വാക്സിനേഷന് സ്വീകരിച്ചിട്ടില്ലാത്ത വിദ്യാര്‍ഥികളെ കൂടി പരിഗണിച്ചാണ് വകുപ്പ് സ്കൂള്‍ അധികൃതർക്ക് കുത്തിവെപ്പ് നിര്‍ബന്ധമാക്കാന്‍ അനുവദിക്കില്ലെന്ന ഓര്‍മപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. 16ൽ താഴെയുള്ള വിദ്യാര്‍ഥികള്‍ക്ക് വാക്സിനേഷന് നിര്‍ബന്ധമാക്കുന്നതില്‍നിന്ന് സ്കൂളുകളെ കര്‍ശനമായി വിലക്കിയിരിക്കുകയാണെന്ന് അഡെക് അണ്ടര്‍ സെക്രട്ടറി ആമിര്‍ അല്‍ ഹമ്മാദി അറിയിച്ചു. ബ്ലൂ സ്കൂള്‍സ് പദ്ധതി വിജയകരമായി നടപ്പാക്കുന്ന രീതിയിലാണ് വിദ്യാഭ്യാസ വകുപ്പ് നയരൂപവത്കരണം നടത്തിയിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
വാക്സിനേഷന് നിരക്ക് ഉയര്‍ന്ന സ്കൂളുകളില്‍ സാമൂഹിക അകലം പാലിക്കല്‍, മാസ്ക് ധരിക്കല്‍, ക്ലാസ് മുറികളിലെയും ബസുകളിലെയും വിദ്യാര്‍ഥികളുടെ എണ്ണം പരിമിതപ്പെടുത്തല്‍ തുടങ്ങിയവക്ക് ഇളവ് നല്കുന്ന കളര്‍കോഡ് സംവിധാനം അക്കാദമിക് വര്‍ഷത്തിെൻറ രണ്ടാം ടേം മുതല്‍ നടപ്പാക്കുന്ന നടപടി അധികൃതര്‍ കൈക്കൊണ്ടിരുന്നു. 50 ശതമാനത്തില്‍ താഴെ വിദ്യാര്‍ഥികള്‍ വാക്സിന് സ്വീകരിച്ച സ്കൂളുകള്‍ ഓറഞ്ച് ഗണത്തിലും 50 മുതല്‍ 64 ശതമാനം വരെ വാക്സിനേഷന് നിരക്കുള്ള സ്കൂള്‍ മഞ്ഞ ഗണത്തിലും 65 മുതല്‍ 84 ശതമാനം വരെ വാക്സിനേഷന് നിരക്കുള്ള സ്കൂള്‍ നീല ഗണത്തിലുമാണ് ഉള്‍പ്പെടുത്തിയത്. അബൂദബി എമര്‍ജന്‍സി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്സ് കമ്മിറ്റിയാണ് പദ്ധതിക്ക് അനുമതി നല്‍കിയത്.