ഇളവുകള്‍ വെട്ടിക്കുറച്ച് റെയില്‍വേ, മുതിര്‍ന്ന
പൗരന്‍മാരടക്കം ഇനി ഫുള്‍ ചാര്‍ജ് കൊടുക്കണം
ദില്ലി: മുതിര്‍ന്ന പൗരന്മാര്‍ക്ക് ഉള്‍പ്പടെയുള്ള യാത്രാ നിരക്കിളവുകള്‍ തിരികെ കൊണ്ട് വരില്ലെന്ന് റെയില്‍വേ . കൊവിഡിനെ തുടര്‍ന്ന് നിര്‍ത്തിവെച്ച സര്‍വ്വീസുകള്‍ സാധാരണനിലയില്‍ പുനരാരംഭിച്ചെങ്കിലും നിരക്കിലെ ഇളവുകള്‍ തിരികെ കൊണ്ടുവരില്ലെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ലോക്‌സഭയില്‍ അറിയിച്ചു. ഇതോടെ വിവിധ വിഭാഗങ്ങളില്‍ ഉള്‍പ്പെട്ട നിരവധിയാളുകള്‍ക്ക് റെയില്‍വേ യാത്രനിരക്കില്‍ കിട്ടിക്കൊണ്ടിരുന്ന ഇളവുകള്‍ ഇല്ലാതാവും.
കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ഭിന്നശേഷിക്കാര്‍, രോഗികള്‍ ഉള്‍പ്പടെ തെരഞ്ഞെടുത്ത നാല് വിഭാഗങ്ങളൊഴികെ മറ്റെല്ലാവര്‍ക്കുമുള്ള ഇളവുകളും റെയില്‍വേ നിര്‍ത്തിവെച്ചിരുന്നു. കൊവിഡിന് മുമ്പ് 53 വിഭാഗങ്ങളിലാണു ഇളവ് അനുവദിച്ചിരുന്നത്. മുതിര്‍ന്ന പൗരന്മാര്‍, പൊലീസ് മെഡല്‍ ജേതാക്കള്‍, ദേശീയ പുരസ്‌കാരം നേടിയ അധ്യാപകര്‍, യുദ്ധത്തില്‍ മരിച്ചവരുടെ വിധവകള്‍, പ്രദര്‍ശനമേളകള്‍ക്ക് പോകുന്ന കര്‍ഷകര്‍ / കലാപ്രവര്‍ത്തകര്‍, കായികമേളകളില്‍ പങ്കെടുക്കുന്നവര്‍ തുടങ്ങിയവര്‍ക്ക് യാത്രാനിരക്കില്‍ 50 മുതല്‍ 75 ശതമാനം വരെ ഇളവ് നല്‍കിയിരുന്നു.
നാല് വിഭാഗത്തില്‍പ്പെട്ട വികലാംഗര്‍, പതിനൊന്ന് വിഭാഗം വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്ക് തുടര്‍ന്നും യാത്രാ ഇളവുകള്‍ ലഭ്യമാവും. എന്നാല്‍ മുതിര്‍ന്ന പൗരന്‍മാര്‍ അടക്കമുള്ളവര്‍ക്ക് ലഭിച്ചു പോന്നിരുന്ന യാത്രാ ഇളവുകള്‍ ഇനി ലഭിക്കില്ല. മറ്റെല്ലാ വിഭാഗത്തിലുള്ളവരുടേയും ടിക്കറ്റ് ഇളവുകള്‍ പിന്‍വലിച്ചതായി റെയില്‍വേ മന്ത്രി രേഖാമൂലം ലോക്‌സഭയെ അറിയിച്ചു. യാത്രാ ഇളവുകള്‍ പുനസ്ഥാപിക്കണം എന്ന് ആവശ്യപ്പെട്ട് വിവിധ കോണുകളില്‍ നിന്നും റെയില്‍വേയ്ക്ക് മുന്നില്‍ അപേക്ഷകളെത്തിയെന്നും എന്നാല്‍ നിലവിലെ സാമ്പത്തികസ്ഥിതിയില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കുക പ്രായോഗികല്ലെന്നും മന്ത്രി വ്യക്തമാക്കുന്നു.
കൊവിഡ് പ്രതിസന്ധിക്ക് ശേഷം സ്‌പെഷ്യല്‍ ട്രെയിനുകളായിട്ടാണ് റെയില്‍വേ സര്‍വ്വീസുകള്‍ നടത്തിയികുന്നു. തീവണ്ടി സര്‍വ്വീസുകള്‍ സാധാരണ നിലയിലാവുന്നതോടെ വിവിധ വിഭാഗങ്ങള്‍ക്കുള്ള യാത്രഇളവുകളും പുനസ്ഥാപിക്കും എന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ മുതിര്‍ന്ന പൗരന്‍മാര്‍ക്ക് അടക്കം നല്‍കി വന്നിരുന്ന യാത്രാ ഇളവുകള്‍ ഇനിയുണ്ടാവില്ലെന്നാണ് റെയില്‍വേ മന്ത്രി തന്നെ ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
2020 മാര്‍ച്ചിന് മുമ്പ്, മുതിര്‍ന്ന പൗരന്‍മാരുടെ കാര്യത്തില്‍, എല്ലാ ക്ലാസുകളിലും റെയില്‍വേ യാത്ര ചെയ്യുന്നതിനായി സ്ത്രീ യാത്രക്കാര്‍ക്ക് 50% ഉം പുരുഷ യാത്രക്കാര്‍ക്ക് 40%ഉം കിഴിവ് നല്‍കിയിരുന്നു. ഈ ഇളവ് ലഭിക്കുന്നതിനുള്ള കുറഞ്ഞ പ്രായപരിധി സ്ത്രീകള്‍ക്ക് 58 ഉം പുരുഷന്മാര്‍ക്ക് 60 ഉം ആയിരുന്നു