സെൻസെക്‌സിൽ നഷ്ടത്തോടെ തുടക്കം.
കഴിഞ്ഞ ദിവസങ്ങളിലെ മികച്ച നേട്ടത്തിനുശേഷം വിപണിയിൽ നഷ്ടത്തോടെ തുടക്കം. സെൻസെക്‌സ് 113 പോയന്റ് താഴ്ന്ന് 50,080ലും നിഫ്റ്റി 32 പോയന്റ് നഷ്ടത്തിൽ 15,075ലുമാണ് വ്യാപാരം ആരംഭിച്ചത്. ആഗോള വിപണികളിലെ നഷ്ടമാണ് രാജ്യത്തെ സൂചികകളിലും പ്രതിഫലിച്ചത്.
മഹീന്ദ്ര ആൻഡ് മഹീന്ദ്ര, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഇൻഡസിൻഡ് ബാങ്ക്, ഒഎൻജിസി തുടങ്ങിയ ഓഹരികൾ ഒരുശതമാനത്തിലേറെ നഷ്ടത്തിലാണ്. മാർച്ച് പാദത്തിലെ പ്രവർത്തനഫലം പുറത്തുവന്നതോടെ ടാറ്റ മോട്ടോഴ്‌സ് ഓഹരി അഞ്ചുശതമാനം ഇടിയുകയുംചെയ്തു. നിഫ്റ്റി സൂചികകളിൽ ഫാർമ നേട്ടമുണ്ടാക്കിയപ്പോൾ ഓട്ടോ നഷ്ടത്തിലായി. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോൾ ക്യാപ് സൂചികകൾ ഒരുശതമാനത്തോളം നേട്ടത്തിലുമാണ്.ഐഒസി, ഇന്ത്യ ബുൾസ് ഹൗസിങ് ഫിനാൻസ്, ജെ.കെ ടയർ തുടങ്ങി 25 കമ്പനികളാണ് മാർച്ച് പാദത്തിലെ പ്രവർത്തനഫലം ബുധനാഴ്ച പുറത്തുവിടുന്നത്.