കോവളം ബീച്ചില്‍ ജെല്ലി ഫിഷ് നിറയുന്നു
തിരുവനന്തപുരം: കോവളം ബീച്ചിനെ കൈയ്യടക്കിയുള്ള ജെല്ലി ഫിഷുകളുടെ തുടര്‍ച്ചയായ വരവ് തുടരുന്നു. ജെല്ലി ഫിഷുകള്‍ തീരത്തടിഞ്ഞ് ദുര്‍ഗന്ധം വമിച്ചതോടെ സഞ്ചാരികള്‍ക്കും പ്രദേശവാസികള്‍ക്കും തലവേദനയായി. ഒരാഴ്ചയായി തിരമാലകളുടെ ശക്തിയില്‍ കരയിലേക്ക് നൂറുകണക്കിന് ജെല്ലി ഫിഷുകളാണ് വന്നടിയുന്നത്. ജെല്ലിക്കൂട്ടങ്ങളെ കുഴിച്ച് മൂടാനുള്ള ശുചികരണ തൊഴിലാളികളുടെ ശ്രമങ്ങളും കാര്യമായ ഫലം കണ്ടില്ല.
മുന്‍വര്‍ഷങ്ങളില്‍ ആഗസ്റ്റ് മാസത്തോടെ കടല്‍ച്ചൊറിയെന്നറിയപ്പെടുന്ന ജെല്ലി ഫിഷുകള്‍ തീരത്തേക്ക് വരുക പതിവായിരുന്നു. എന്നാല്‍ ഇത്തവണ ജെല്ലി ഫിഷുകളുടെ എണ്ണം കൂടുതലാണെന്ന് തൊഴിലാളികള്‍ പറയുന്നു. കടല്‍ത്തിരകള്‍ക്കൊപ്പം കാലം തെറ്റിയുള്ള ജെല്ലിയുടെ വരവ് ദിവസങ്ങള്‍ കഴിഞ്ഞിട്ടും നിലച്ചിട്ടില്ല. ഇതോടെ ബീച്ചിലാകെ ജെല്ലി ഫിഷ് നിറഞ്ഞ് സഞ്ചാരികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുകയാണ്.
ഇതിനോടകം തന്നെ ടണ്‍ കണക്കിന് ജെല്ലി ഫിഷുകളെ ശുചീകരണ തൊഴിലാളികള്‍ ബീച്ചിന് സമീപത്ത് കുഴിച്ച് മൂടിക്കഴിഞ്ഞു. എങ്കിലും ഉള്‍ക്കടലില്‍ നിന്നുള്ള ജെല്ലി ഫിഷുകളുടെ വരവ് മാറ്റമില്ലാതെ തുടരുകയാണ്. മണലില്‍ പറ്റിപ്പിടിച്ചിരുന്ന് അലിയുന്ന ഇവ രൂക്ഷഗന്ധം പരത്തുന്നതോടൊപ്പം ബീച്ചിനെ വൃത്തിഹീനമാക്കുകയും ചെയ്യുന്നതായി നാട്ടുകാര്‍ പറയുന്നു. കൂടാതെ ക്ലീനിംഗ് സ്റ്റാഫുകളുടെ എണ്ണക്കുറവും ബീച്ചുകളില്‍ നിന്ന് തിരമാലകള്‍ പിന്‍മാറാത്തതും ജെല്ലികള്‍ മറവു ചെയ്യുന്നതിന് തടസമായി.
അടുത്തിടെ ഓസ്ട്രേലിയന്‍ ബീച്ചുകളുടെ തീരത്ത് വലിയ ജെല്ലിഫിഷുകള്‍ അടിഞ്ഞുകൂടിയിരുന്നു. നോര്‍ത്ത് ക്വീന്‍സ്ലാന്റിലെ വോംഗാലിംഗ് ബീച്ചിലാണ് ജെല്ലിഫിഷിന്റെ കൂട്ടം വ്യാപിച്ചുകിടക്കുന്നതായി നാട്ടുകാര്‍ കണ്ടത്. 60 സെന്റിമീറ്റര്‍ വീതിയുള്ള വലിയ ജെല്ലിഫിഷുകള്‍ വരെ അക്കൂട്ടത്തിലുണ്ടായിരുന്നു. കടല്‍ച്ചൊറി എന്ന് പേരുള്ള ജെല്ലിഫിഷിന് കുടയുടെ ആകൃതിയുള്ള ഉടലും നെടുനീളന്‍ സ്പര്‍ശനികളുമുണ്ട്.