ദില്ലി: മണിപ്പൂരില്‍ സ്ത്രീകളെ നഗ്‌നരാക്കി നടത്തുകയും ലൈംഗികമായി അതിക്രമം നടത്തുകയും ചെയ്തതിന്റെ വീഡിയോ ദൃശ്യങ്ങള്‍ നീക്കാന്‍ സമൂഹ മാധ്യമ കമ്പനികളോട് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടു. അന്വേഷണം നടക്കുന്ന വിഷയമായതിനാലാണ് ഇക്കാര്യം ആവശ്യപ്പെട്ടതെന്നും രാജ്യത്തെ നിയമം പാലിക്കാന്‍ കമ്പനികള്‍ ബാധ്യസ്ഥരാണെന്നും സര്‍ക്കാര്‍ നിലപാടെടുത്തു.അതിനിടെ വിഷയത്തില്‍ നിലപാട് കടുപ്പിച്ചിരിക്കുകയാണ് പ്രതിപക്ഷം. മണിപ്പൂര്‍ കലാപത്തില്‍ ചര്‍ച്ച ആവശ്യപ്പെട്ട് ഇടത് എംപിമാരായ ബിനോയ് വിശ്വം, എ എ റഹീം എന്നിവര്‍ രാജ്യസഭയില്‍ നോട്ടീസ് നല്‍കി. വിഷയത്തില്‍ ടിഎന്‍ പ്രതാപന്‍ എംപിയും എന്‍കെ പ്രേമചന്ദ്രനും ലോക്‌സഭയിലും നോട്ടീസ് നല്‍കി. ഇവര്‍ക്ക് പുറമെ കോണ്‍ഗ്രസ് എംപി മനീഷ് തിവാരി എന്നിവര്‍ ലോക്‌സഭയിലും നോട്ടീസ് നല്‍കി. രാജ്യസഭയില്‍ ഇതേ വിഷയത്തില്‍ കോണ്‍ഗ്രസ് എംപി മാണിക്യം ടാഗോറും, ആം ആദ്മി പാര്‍ട്ടി എംപി സഞ്ജയ് സിംഗ് എന്നിവരും നോട്ടീസ് നല്‍കിയിട്ടുണ്ട്.
മണിപ്പൂരില്‍ മെയ് നാലിന് രണ്ട് സ്ത്രീകളെ നഗ്‌നരാക്കി നടത്തി ലൈംഗികമായി പീഡിപ്പിച്ച ദൃശ്യങ്ങള്‍ പുറത്ത് വന്നത് സംസ്ഥാനത്ത് വീണ്ടും അക്രമം ശക്തമാകുമെന്ന ഭീതി ഉയര്‍ത്തിയിട്ടുണ്ട്. സംഭവത്തില്‍ കൂട്ട ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍ കൊലപാതകം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്ത് പൊലീസ് കേസെടുത്തെങ്കിലും ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. രണ്ട് സ്ത്രീകളെ അക്രമികള്‍ ചേര്‍ന്ന് നഗ്‌നരാക്കി നടത്തിക്കൊണ്ട് വരുന്നതും അവരെ ലൈംഗികമായി പീഡിപ്പിക്കുന്നതുമാണ് വീഡിയോ. സ്ത്രീകളെ ഒരു പാടത്തേക്ക് നടത്തിക്കൊണ്ട് പോകുന്നത് ദൃശ്യങ്ങളിലുണ്ട്. മെയ്‌തെയ് വിഭാഗക്കാരാണ് ഇത് ചെയ്തതെന്നാണ് ഇന്റിജീനസ് ട്രൈബല്‍ ലീഡേഴ്സ് ഫോറം ആരോപിച്ചത്. ഇവരെ അക്രമികള്‍ കൂട്ടബലാത്സംഗം ചെയ്തുവെന്നും ഐടിഎല്‍എഫ് നേതാക്കാള്‍ പറഞ്ഞു.
ഈ സംഭവം നടക്കുന്നതിന് മുമ്പ് ഇവിടെ കുക്കി - മെയ്‌തെയ് വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. മണിപ്പൂര്‍ തലസ്ഥാനമായ ഇംഫാലില്‍ നിന്ന് 35 കിലോമീറ്റര്‍ അകലെ കാങ്‌കോപിയിലാണ് സംഭവം നടന്നതെന്ന് ഇന്റിജീനസ് ട്രൈബല്‍ ലീഡേഴ്സ് ഫോറം അറിയിച്ചു. എന്നാല്‍ സംഭവം നടന്നത് മറ്റൊരു ജില്ലയിലാണെന്നും കാങ്‌കോപിയില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതാണെന്നും മണിപ്പൂര്‍ പൊലീസിന്റെ വാദം.