ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയുള്ള മാലദ്വീപ് മന്ത്രിമാരുടെ അധിക്ഷേപ പരാമര്‍ശത്തില്‍ നിലപാട് കടുപ്പിച്ച് ഇന്ത്യ. സംഭവത്തില്‍ മാലദ്വീപ് ഹൈക്കമ്മീഷണറെ ഇന്ത്യ വിളിച്ചുവരുത്തി. മാലദ്വീപ് ഹൈക്കമ്മീഷണര്‍ ഇബ്രാഹിം ഷഹീബ് ആണ് ഇന്ന് രാവിലെ വിദേശകാര്യ മന്ത്രാലയത്തിലെത്തിയത്. പ്രധാനമന്ത്രിക്കെതിരായ മാലദ്വീപ് മന്ത്രിമാരുടെ പരാമര്‍ശത്തില്‍ മാലദ്വീപ് ഹൈക്കമ്മീഷണറെ ഇന്ത്യ കടുത്ത അതൃപ്തി അറിയിച്ചു. തുടര്‍ന്ന് മന്ത്രിമാര്‍ക്കെതിരായി സ്വീകരിച്ച നടപടി മാലദ്വീപ് ഹൈക്കമ്മീഷണര്‍ ഇന്ത്യയെ ഔദ്യോ?ഗികമായി അറിയിച്ചു. മിനിറ്റുകള്‍ക്കകം മാലദ്വീപ് ഹൈക്കമ്മീഷണര്‍ വിദേശകാര്യ മന്ത്രാലയത്തില്‍ നിന്നും മടങ്ങി.അതേസമയം വിഷയത്തില്‍ തല്‍ക്കാലം പരസ്യ പ്രസ്താവന വേണ്ടെന്നാണ് വിദേശകാര്യ മന്ത്രാലയ വൃത്തങ്ങള്‍ അറിയിക്കുന്നത്. കൂടുതല്‍ പ്രകോപനമുണ്ടായാല്‍ പരസ്യ പ്രസ്താവന നടത്തിയേക്കുമെന്നാണ് വിവരം.
മോദി ലക്ഷദ്വീപ് സന്ദര്‍ശിച്ചതിന്റെ ചിത്രങ്ങള്‍ പ്രചരിപ്പിച്ചത് മാലദ്വീപിനെതിരായ നീക്കമായി തീവ്രനിലപാടുള്ള ചിലര്‍ ചിത്രീകരിച്ചതാണെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിക്കുന്നത്. വിവാദങ്ങള്‍ക്കിടെ സാമൂഹിക മാധ്യമങ്ങളില്‍ മാലദ്വീപ് ബഹിഷ്‌കരണാഹ്വാനങ്ങളും സജീവമായി. boycotmaldives,exploreindianislands തുടങ്ങിയ ഹാഷ്ടാഗുകളാണ് എക്‌സ് പ്ലാറ്റ്‌ഫോമില്‍ തരംഗമാകുന്നത്. അതേസമയം, ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ മാലദ്വീപ് മന്ത്രിമാരുടെ പരാമര്‍ശങ്ങള്‍ വിവാദമാകുന്നതിനിടെ മാലദ്വീപ് പ്രസിഡന്റ് ഇന്ന് ചൈനയിലെത്തും. പ്രസിഡന്റ് ഷി ജിന്‍ പിങിന്റെ ക്ഷണം സ്വീകരിച്ചാണ് മൊഹമ്മദ് മൊയ്‌സുവിന്റെ ചൈന പര്യടനം. ഇരു രാജ്യങ്ങളും തമ്മില്‍ സുപ്രധാന കരാറുകളില്‍ ഒപ്പിടുമെന്ന് ചൈന അറിയിച്ചു. വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് സന്ദര്‍ശനമെങ്കിലും നേരത്തെ നിശ്ചയിച്ചതാണ് ഇരുനേതാക്കളുടേയും സന്ദര്‍ശനം.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയ മന്ത്രിമാരെ മാലദ്വീപ് ഭരണകൂടം പുറത്താക്കിയിരുന്നു. മോദിയുടെ ലക്ഷദ്വീപ് സന്ദര്‍ശനത്തെ പരിഹസിച്ച് സമൂഹമാധ്യമത്തില്‍ നടത്തിയ പരാമര്‍ശത്തില്‍ ഇന്ത്യ കടുത്ത അതൃപ്തി അറിയിച്ചതിന് പിന്നാലെയാണ് നടപടി. മന്ത്രിമാരുടേത് സര്‍ക്കാരിന്റെ അഭിപ്രായമല്ലെന്ന് മാലദ്വീപ് പ്രസ്താവനയില്‍ അറിയിച്ചു. ഇന്ത്യ കടുത്ത അതൃപ്തി അറിയിച്ചതിന് പിന്നാലെ മന്ത്രിമാരെ പുറത്താക്കി തലയൂരുകയായിരുന്നു മാലദ്വീപ്. മാലദ്വീപ് യുവജനവകുപ്പ് സഹമന്ത്രി മറിയം ഷിവുന ആണ് മോദിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയത്.
സഹമന്ത്രിമാരായ മാല്‍ഷ, ?ഹസന്‍ സിഹാന്‍ എന്നിവരും ഇതേറ്റുപിടിച്ച് സമൂഹമാധ്യമ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തി. ലക്ഷദ്വീപിനെ മാലദ്വീപിനോട് ഉപമിക്കുന്നതിനെതിരായ പോസ്റ്റുകളും ഇവര്‍ പങ്കുവച്ചിരുന്നു. ഈ പരാമര്‍ശങ്ങള്‍ വലിയ വിവാദമായി. സമൂഹമാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശനമുയര്‍ന്നു. മാലദ്വീപ് മുന്‍ പ്രധാനമന്ത്രി മൊഹമ്മദ് നഷീദുള്‍പ്പടെ ഇതിനെതിരെ രംഗത്തുവന്നു. ഇന്ത്യക്കെതിരായ പരാമര്‍ശം സര്‍ക്കാര്‍ നയമല്ലെന്ന് വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു. ബോളിവുഡ് താരങ്ങളുള്‍പ്പെടെ പരാമര്‍ശം അപലപിക്കുന്നതിനൊപ്പം വിനോദയാത്രകള്‍ക്കായി ലക്ഷദ്വീപുള്‍പ്പടെയുള്ള ഇന്ത്യന്‍ ദ്വീപുകളെ പരിഗണിക്കണമെന്നും ആഹ്വാനം ചെയ്തു.