ഡോക്ടേഴ്സ് സമരം പന്ത്രണ്ടാം ദിവസത്തിലേക്ക്; കൊവിഡ് ഡ്യൂട്ടി ബഹിഷ്‌കരിക്കും
ദില്ലി: നീറ്റ് പിജി കൗണ്‍സിലിങ് വൈകുന്നതിനെതിരെ ഡല്‍ഹിയില്‍ റെസിഡന്റ് ഡോക്ടേഴ്സ് നടത്തുന്ന സമരം പന്ത്രണ്ടാം ദിവസത്തിലേക്ക്. കൊവിഡ് ഡ്യൂട്ടിയടക്കം ബഹിഷ്‌കരിക്കാനാണ് ഡോക്ടേഴ്സിന്റെ തീരുമാനം. അതേസമയം ഇന്ന് മുതല്‍ പ്രഖ്യാപിച്ചിരിക്കുന്ന ഡ്യൂട്ടി ബഹിഷ്‌കരണത്തില്‍ നിന്ന് എയിംസ് റെസിഡന്റ് ഡോക്ടര്‍മാര്‍ പിന്മാറി.
ഡല്‍ഹിയില്‍ റസിഡന്റ് ഡോക്ടേഴ്സുമായി കേന്ദ്ര ആരോഗ്യമന്ത്രി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു . ആവശ്യങ്ങളില്‍ ഡോക്ടേഴ്സിന് രേഖാമൂലം ഉറപ്പ് നല്‍കാന്‍ കഴിയില്ലെന്നാണ് കേന്ദ്രം അറിയിച്ചത്. റസിഡന്റ് ഡോക്ടര്‍മാര്‍ സമരം അവസാനിപ്പിക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു. ആവശ്യങ്ങള്‍ അംഗീകരിക്കണമെന്ന് ചൂണ്ടിക്കാട്ടി ഡോക്ടര്‍മാര്‍ നടത്തിയ പ്രതിഷേധത്തിനെതിരായ പൊലീസ് നടപടിയില്‍ ഖേദംപ്രകടിപ്പിക്കുന്നതായും ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ പറഞ്ഞു. പൊതുതാത്പര്യം കണക്കിലെടുത്ത് സമരം അവസാനിപ്പിക്കണം. നീറ്റ് പിജി കൗണ്‍സിലിംഗ് ഉടന്‍ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ആരോഗ്യമന്ത്രി വ്യക്തമാക്കി.
പ്രതിഷേധം തുടരുന്ന റസിഡന്റ് ഡോക്ടര്‍മാരുടെ ആവശ്യങ്ങള്‍ ഉടന്‍ അംഗീകരിക്കണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പറഞ്ഞിരുന്നു. സമരത്തില്‍ ഇടപെടണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച കത്തില്‍ അദ്ദേഹം ആവശ്യപ്പെട്ടു.