തീരുവ ഇളവ്; സ്റ്റീല്‍ ഉത്പന്നങ്ങള്‍ക്ക് 10 ശതമാനം വില കുറയുന്നു
ദില്ലി: രാജ്യത്ത് സ്റ്റീല്‍ ഉത്പന്നങ്ങളുടെ വില കുറയുന്നു. 10 ശതമാനം വരെയാണ് വില കുറയുന്നത്. കേന്ദ്ര ബജറ്റില്‍ ഇറക്കുമതി തീരുവ കുറച്ചതാണ് കാരണം. അലോയ് അല്ലാത്ത സ്റ്റീലിന്റെ പ്രാഥമിക ,സെമി ഫിനിഷ്ഡ് ഉല്‍പ്പന്നങ്ങള്‍, അലോയ് ഇതര ഉല്‍പ്പന്നങ്ങള്‍, സ്റ്റെയിന്‍ലെസ് സ്റ്റീല്‍ തുടങ്ങിയ ഉല്‍പ്പന്നങ്ങളുടെ വിലയാണ് കുറയുന്നത്.
തീരുവ 7.5 ശതമാനമായി കുറച്ചതാണ് വില കുറയാന്‍ കാരണം. അതുപോലെ ഇരുമ്പ് അവശിഷ്ടങ്ങള്‍, സ്റ്റീല്‍ ഉരുക്കുമ്പോള്‍ ഉള്ള അവശിഷ്ടങ്ങള്‍, സ്റ്റെയിന്‍ലെസ് സ്റ്റീല്‍ അവശിഷ്ടങ്ങള്‍, മറ്റ് സ്റ്റീല്‍ അസംസ്‌കൃത വസ്തുക്കള്‍ എന്നിവയ്ക്ക് ഉണ്ടായിരുന്ന 2.5 ശതമാനം തീരുവ ബജറ്റില്‍ കുറച്ചിട്ടുണ്ട്. ഇതിന് ഇനി തീരുവ ഈടാക്കില്ല.
ഒരിടയ്ക്ക് സ്റ്റീല്‍ ഉത്പന്നങ്ങളുടെ വില കുതിച്ചുയര്‍ന്നിരുന്നു. സ്റ്റെയിന്‍ലെസ് സ്റ്റീല്‍ ഉത്പന്നങ്ങളുടെ വിലക്കയറ്റത്തിന് തട ഇടാന്‍ തീരുവ കുറച്ച നടപടി സഹായകരമാകും. 2020 ജൂലൈ-ഡിസംബര്‍ കാലയളവില്‍ ആഭ്യന്തര ഹോട്ട്-റോള്‍ഡ് കോയില്‍ വില 54 ശതമാനം കുതിച്ചുയര്‍ന്നിരുന്നു. ജൂണ്‍ അവസാനത്തോടെ ടണ്ണിന് 36,250 രൂപയായിരുന്നു വില.
ആഭ്യന്തര വിപണിയില്‍ ഡിമാന്‍ഡ് കുതിച്ചുയര്‍ന്നതിനെ തുടര്‍ന്നാണിത്. 2021 ജനുവരിയില്‍ വില വീണ്ടും വര്‍ദ്ധിച്ച് ടണ്ണിന് 58,000 രൂപ വരെയായി ഉയര്‍ന്നിരുന്നു. എന്നാല്‍ ഇത് ഇപ്പോള്‍ ടണ്ണിന് 56,000 രൂപയായി കുറഞ്ഞിട്ടുണ്ട്. തീരുവ കുറയ്ക്കുന്നത് ഈ രംഗത്തെ ഇറക്കുമതി ഉയരാന്‍ കാരണമായേക്കും. അതുപോലെ ആഭ്യന്തര വിപണിയില്‍ വില കുറയ്ക്കാനും നിര്‍മാതാക്കള്‍ നിര്‍ബന്ധിതരാകും