ജിദ്ദയിലെ  ഹൂതികളുടെ മിസൈല്‍ ആക്രമണത്തില്‍ അരാംകോയുടെ എണ്ണ ടാങ്കിന് തീപിടിച്ചു
 


റിയാദ്: സൗദി അറേബ്യയില്‍ ഹൂതികള്‍ നടത്തിയ ഭീകരാക്രമണത്തില്‍ എണ്ണ ടാങ്കിന് തീപിടിച്ചു. സൗദി അരാംകോയുടെ ജിദ്ദയിലെ പെട്രോളിയം വിതരണ സ്റ്റേഷനിലാണ് യെമനിലെ സായുധ വിമത സംഘമായ ഹൂതികള്‍ മിസൈല്‍ ആക്രമണം നടത്തിയത്. കഴിഞ്ഞ ദിവസം ജിസാനിലെ അരാംകോ റിഫൈനറിയിലേക്കും രാജ്യത്തെ മറ്റ് ചില നഗരങ്ങളിലും ഹുതികളുടെ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങളും ഉണ്ടായിരുന്നു.

ജിദ്ദയിലെ അരാംകോ സ്റ്റേഷന് നേരെയുണ്ടായ ആക്രമണത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് ഔദ്യോഗിക അറിയിപ്പ്. തീ പിന്നീട് നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചതായും അറിയിപ്പില്‍ പറയുന്നു. ശനിയാഴ്ചയും ഞായറാഴ്ചയുമായി രാജ്യത്തെ വിവിധ കേന്ദ്രങ്ങളില്‍ ഹൂതികളുടെ ആക്രമണം നടന്നിരുന്നു. ജിദ്ദയിലെ എണ്ണ വിതരണ കേന്ദ്രത്തില്‍ നിന്ന് പുക ഉയരുന്ന ദൃശ്യങ്ങള്‍ നിരവധിപ്പേര്‍ സാമൂഹിക മാധ്യമങ്ങളില്‍  പങ്കുവെച്ചിട്ടുണ്ട്.

ജിസാന്‍ അല്‍ ഷഖീഖ് ജലശുദ്ധീകരണ പ്ലാന്റ്, ദഹ്റാന്‍ അല്‍ ജനുബ് നഗരത്തിലെ പവര്‍ സ്റ്റേഷന്‍, ഖമീസ് മുശൈത്തിലെ ഗ്യാസ് സ്റ്റേഷന്‍, ജിസാനിലെയും യാംബുവിലെയും അരാംകോ പ്ലാന്റുകള്‍, ത്വാഇഫ് നഗരം എന്നിവക്ക് നേരെയായിരുന്നു ആദ്യത്തെ ആക്രമണ ശ്രമം. 
ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ക്രൂയിസ് മിസൈലുകളും ഉപയോഗിച്ച് നടത്തിയ ആക്രമണങ്ങളെ സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള അറബ് സഖ്യസേന തകര്‍ത്തു. ജിസാനിലെ അല്‍ ഷഖീഖ് ജലശുദ്ധീകരണ പ്ലാന്റിനും അരാംകോ സ്റ്റേഷന് നേരെയും നാല് ഡ്രോണ്‍ ആക്രമങ്ങളാണ് നടന്നത്. യാംബു അരാംകോ സ്റ്റേഷന് നേരെ വന്ന മൂന്ന് ഡ്രോണുകള്‍ സേന തടഞ്ഞു നശിപ്പിച്ചു.

സിവിലിയന്‍മാരെ ലക്ഷ്യമിട്ടുകൊണ്ട് ജിസാന്‍ നഗരത്തിന് നേരെ തൊടുത്ത് ബാലിസ്റ്റിക് മിസൈലും ജിസാന്‍, ഖമീസ് മുശൈത്ത്, ത്വാഇഫ് എന്നിവിടങ്ങളിലേക്ക് വിക്ഷേപിച്ച ഒമ്പത് ഡ്രോണുകളും ജിസാനിലെ അല്‍ ഷഖീഖ് ജലശുദ്ധീകരണ പ്ലാന്റ്, ജിസാനിലെ അരാംകോ എണ്ണ വിതരണ കേന്ദ്രം തുടങ്ങിയവ ലക്ഷ്യമാക്കി അയച്ച ക്രൂയിസ് മിസൈലുകള്‍ എന്നിവയും ലക്ഷ്യം കാണുന്നതിന് മുമ്പ് നശിപ്പിച്ചതായി സഖ്യസേന വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ തുര്‍ക്കി അല്‍മാലിക്കി അറിയിച്ചു. വ്യത്യസ്ത ആക്രമണങ്ങളില്‍ ചില വാഹനങ്ങളും വീടുകളും തകര്‍ന്നു. എന്നാല്‍ ആര്‍ക്കും ആളപായമില്ല.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media