നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് 11 ല്‍ നിന്ന് 10 ശതമാനമായി കുറഞ്ഞേക്കും
ഡെല്‍ഹി: നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയ്ക്ക് 10 ശതമാനം വളര്‍ച്ചയേ കൈവരിക്കാന്‍ സാധിക്കൂവെന്ന് ഏഷ്യന്‍ വികസന ബാങ്ക്. ഈ വര്‍ഷം ആദ്യം 11 ശതമാനം വളര്‍ച്ച കൈവരിക്കുമെന്നായിരുന്നു പ്രവചനം. എന്നാല്‍ കൊവിഡ് പശ്ചാത്തലത്തില്‍ വളര്‍ച്ചാ നിരക്കില്‍ മാറ്റം വരുത്തുകയായിരുന്നു. എഡിബിയുടെ ഏഷ്യന്‍ ഡെവലപ്പ്‌മെന്റ് ഔട്ട്‌ലുക്കിലാണ് ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയെപ്പറ്റി സൂചിപ്പിച്ചിരിക്കുന്നത്.
രാജ്യത്തെ ജിഡിപി വളര്‍ച്ച കഴിഞ്ഞ പാദത്തില്‍ 1.6 ശതമാനമായി ഉയര്‍ന്നിരുന്നു. ഇതിനെ കടുത്ത സാമ്പത്തിക തളര്‍ച്ചയില്‍ നിന്നുള്ള മുന്നേറ്റമായാണ് വിലയിരുത്തിയിരുന്നത്. എന്നാല്‍ കൊവിഡ് രണ്ടാം തരംഗം മൂലം സംസ്ഥാനങ്ങള്‍ക്ക് സ്വീകരിക്കേണ്ടി വന്ന മാനദണ്ഡങ്ങള്‍ വളര്‍ച്ചയെ സ്വാധീനിച്ചെന്നും എഡിപി റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചു.
കഴിഞ്ഞ മേയ് മാസത്തില്‍ നാല് ലക്ഷം വരെ കോവിഡ് കേസുകള്‍ ദിനംപ്രതി റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ജൂലൈ ആദ്യവാരത്തോടെ ഇത് 40,000 ആയി കുറഞ്ഞു. ലോക്ഡൗണ്‍ നിബന്ധനകളില്‍ ഇളവുകള്‍ അനുവദിക്കുന്നതോടെ സാമ്പത്തിക രംഗത്ത് വളര്‍ച്ചയുണ്ടുമെന്നാണ് ആദ്യകാല സൂചകങ്ങള്‍ വ്യക്തമാക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ സാധരണ നിലയിലേക്ക് മടങ്ങി വരികയും ഒപ്പം തന്നെ ജനസംഖ്യയുടെ ഭൂരിഭാഗം പേര്‍ക്കും വാക്‌സിന്‍ ലഭിക്കുകയും ചെയ്യുന്നതോടെ 2023 മാര്‍ച്ചില്‍ അവസാനിക്കുന്ന സാമ്പത്തിക വര്‍ഷത്തില്‍ വളര്‍ച്ച 7 ല്‍ നിന്നും 7.5 ആകുമെന്നുമാണ് പ്രവചനം.