ശിവശങ്കറിനെ തിരിച്ചെടുത്ത സര്‍ക്കാര്‍ ഇനി സ്വപ്നയ്ക്ക് കൂടി പഴയ ജോലി നല്‍കണമെന്ന് ചെന്നിത്തല
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ അറസ്റ്റ് ചെയ്ത മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ തിരിച്ചെടുത്തതില്‍ രൂക്ഷവിമര്‍ശനവുമായി രമേശ് ചെന്നിത്തല. ഇനി കേസ് പ്രതിയായ സ്വപ്ന സുരേഷിന് കൂടി മുഖ്യമന്ത്രിയുടെ കീഴില്‍ പഴയ ജോലി കൊടുക്കണമെന്നും ചെന്നിത്തല പരിഹസിച്ചു. രാജ്യത്തെ ഞെട്ടിച്ച സ്വര്‍ണക്കടത്തു കേസില്‍ കുറ്റവിമുക്തനാക്കപ്പെടുന്നതിന് മുന്‍പ് തന്നെ എം. ശിവശങ്കറിനെ സര്‍വ്വീസില്‍ തിരിച്ചെടുക്കാനുള്ള തീരുമാനം മുഖ്യമന്ത്രിയും സ്വര്‍ണക്കടത്ത് പ്രതികളും തമ്മിലുള്ള ഒത്തുകളിയാണ് കാണിക്കുന്നതെന്ന് ചെന്നിത്തല ആരോപിക്കുന്നു.ഇനി ഈ കേസിലെ പ്രതി സ്വപ്നാ സുരേഷിനെ കൂടി മുഖ്യമന്ത്രിയുടെ കീഴിലെ പഴയ ജോലിയില്‍ തിരിച്ചെടുത്താല്‍ എല്ലാം ശുഭമാകുമെന്നും രമേശ് ചെന്നിത്തല പരിഹസിച്ചു.
ഇന്നലെയാണ് സ്വര്‍ണക്കടത്ത് കേസില്‍ സസ്‌പെന്‍ഷനിലായ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചത്. സസ്‌പെന്‍ഷന്‍ കാലാവധി തീര്‍ന്നതിനാല്‍ തിരിച്ചെടുക്കണമെന്ന ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയുടെ ശുപാര്‍ശ അംഗീകരിച്ച് മുഖ്യമന്ത്രിയാണ് ഉത്തരവിട്ടത്.
ശിവശങ്കറിന്റെ പുതിയ നിയമനം സംബന്ധിച്ച് പിന്നീട് തീരുമാനമെടുക്കും. സ്വര്‍ണക്കടത്ത് കേസില്‍ പ്രതിയായതോടെയാണ് കഴിഞ്ഞ ഒന്നര വര്‍ഷമായി ശിവശങ്കര്‍ സസ്‌പെന്‍ഷനിലായത്. നയതന്ത്രചാനല്‍ വഴിയുള്ള സ്വര്‍ണ കടത്തു കേസിലെ പ്രതികളുമായുള്ള ബന്ധം പുറത്തുവന്നതിന് പിന്നാലെ കഴിഞ്ഞ വര്‍ഷം ജൂലൈ 16-നായിരുന്നു സസ്‌പെന്‍ഷന്‍.