ബാങ്ക് പ്രതിസന്ധിയിലായാല്‍ നിക്ഷേപകര്‍ക്ക് 90 ദിവസത്തിനകം പണം ലഭ്യമാകും
ന്യൂഡെല്‍ഹി: ബാങ്ക് പ്രതിസന്ധിയിലായാല്‍ നിക്ഷേപകര്‍ക്ക് ഇനി 90 ദിവസത്തിനകം പണം ലഭ്യമാകും. ഇതുസംബന്ധിച്ച ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സ് ആന്‍ഡ് ക്രഡിറ്റ ഗ്യാരണ്ടി കോര്‍പറേഷന്‍ ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി.
ഇന്‍ഷുറന്‍സ് പ്രകാരം അഞ്ചുലക്ഷം രൂപവരെയുള്ള നിക്ഷേപമാണ് തിരികെ നല്‍കുക. അതേസമയം ഒരു ബാങ്കില്‍ ഒരാളുടെ പേരില്‍ വ്യത്യസ്ത അക്കൗണ്ടുകളില്‍ എത്ര നിക്ഷേപമുണ്ടെങ്കിലും അഞ്ചുലക്ഷം രൂപ മാത്രമാണ് തിരികെ ലഭിക്കുക.
98.3 ശതമാനം അക്കൗണ്ടുകളും 50.9ശതമാനം നിക്ഷേപമൂല്യവും ഇതോടെ പദ്ധതിയുടെ കീഴില്‍വരുമെന്ന് ധനന്ത്രി നിര്‍മല സീതാരാമന്‍ അറിയിച്ചു. ആഗോളതലത്തില്‍ ഇത് യഥാക്രമം 80 ശതമാനവും 20-30 ശതമാനവുമാണ്.
ബാങ്കിന് മോറട്ടോറിയം ബാധകമായാലും നിക്ഷേപകര്‍ക്ക് പണം തിരികെ നല്‍കുമെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു. മൊറട്ടോറിയം നടപ്പായാല്‍ 45 ദിവസത്തിനകം അക്കൗണ്ട് ഉടമകളുടെ വിവരങ്ങള്‍ ശേഖരിച്ച് കോര്‍പറേഷന് കൈമാറും. അപേക്ഷകള്‍ തത്സമയം പരിഗണിച്ച് 90 ദിവസത്തിനകം പണംതിരികെ നല്‍കും.
2020 ഫെബ്രുവരിയിലാണ് നിക്ഷേപ ഇന്‍ഷുറന്‍സ് പരിധി അഞ്ചുലക്ഷമായി ഉയര്‍ത്തിയത്. 1993 മെയ് ഒന്നിന് നിശ്ചിയിച്ച തുക പ്രകാരം ഒരു ലക്ഷം രൂപവരെയുളള നിക്ഷേപത്തിനായിരുന്നു നേരത്തെ പരിരക്ഷ ലഭിച്ചിരുന്നത്. ഒരോ 100 രൂപയുടെ നിക്ഷേപത്തിനും 0.12 ശതമാനം തുകയാണ് പ്രീമിയമായി ഈടാക്കുന്നത്. 2019-20 സാമ്പത്തികവര്‍ഷത്തില്‍ പ്രീമിയം ഇനത്തില്‍ കോര്‍പ്പറേഷന് ലഭിച്ചത് 13,234 കോടി രൂപയാണ്.