ധീരജവാന് പ്രണാമം, കൂനൂർ അപകടത്തിൽ മരിച്ച വാറണ്ട് ഒാഫീസർ പ്രദീപിൻറെ മൃതദേഹം തൃശ്ശൂരിലെത്തിച്ചു
കോപ്റ്റർ അപകടത്തിൽ മരിച്ച വ്യോമസേനാ ജൂനിയർ വാറണ്ട് ഒാഫീസർ എ.പ്രദീപിൻറെ മൃതദേഹം കേരളത്തിൽ എത്തിച്ചു. സൂലൂർ വ്യോമസേനാ താവളത്തിൽ എത്തിച്ച മൃതേദേഹം വാളയാറിൽ സംസ്ഥാന സർക്കാർ പ്രതിനിധികൾ ഏറ്റുവാങ്ങി.
ജന്മനാടായ തൃശ്ശൂരിലെത്തിക്കുന്ന മൃതദേഹം പ്രദീപ് പഠിച്ച പുത്തൂർ സ്കൂളിൽ പൊതു ദർശനത്തിന് വെക്കും.പൂർണ സൈനീക ബഹുമതികളോടെ വൈകീട്ട് പ്രദീപിൻറെ പൊന്നൂർക്കരയിലെ വീട്ടിലാണ് സംസ്കാരം. 2004-ൽ സേനയിൽ ചേർന്ന പ്രദീപ് പിന്നീട് എയർക്രൂ ആയി തിരഞ്ഞെടുത്തിരുന്നു.
ഇന്ത്യയിൽ ഉടനീളം സേവനം അനുഷ്ഠിക്കുകയും ചെയ്തു. ഛത്തീസ്ഗഡിലെ മാവോയിസ്റ്റുകൾക്കെതിരായ ഓപ്പറേഷൻസ്, ഉത്തരാഖണ്ഡിലും കേരളത്തിലെയും പ്രളയ സമയത്തെ റെസ്ക്യൂ മിഷനുകൾ തുടങ്ങിയ അനേകം മിഷനുകളിൽ പങ്കെടുത്തിട്ടുണ്ട്.
2018 ലെ കേരളത്തിലെ പ്രളയ സമയത്ത് കോയമ്പത്തൂർ വ്യോമസേന താവളത്തിൽ നിന്നും രക്ഷാ പ്രവർത്തനങ്ങൾക്കായി പുറപ്പെട്ട ഹെലികോപ്റ്റർ സംഘത്തിൽ എയർ ക്രൂ ആയി സ്വമേധയാ ഡ്യൂട്ടി ഏറ്റെടുത്ത് സുത്യർഹമായ സേവനം ആണ് ഇദ്ദേഹം കാഴ്ച വെച്ചത്. മകൻറെ ജന്മദിനവുമായി ബന്ധപ്പെട്ടാണ് കുറച്ച് ദിവസം മുൻപ് പ്രദീപ് വീട്ടിലെത്തിയത്.