വിപണി നഷ്ടത്തോടെ തുടക്കം
മുംബൈ: തുടക്കവ്യാപാരത്തില്‍ നഷ്ടം നേരിട്ട് ഇന്ത്യന്‍ സൂചികകള്‍. പ്രീ സെക്ഷനില്‍ സെന്‍സെക്സ് 470 പോയിന്റും നിഫ്റ്റി 186 പോയിന്റും നഷ്ടം രേഖപ്പെടുത്തി. രാജ്യാന്തര സൂചികകളിലെ തളര്‍ച്ചയാണു പ്രാദേശിക സൂചികകളിലും പ്രതിഫലിച്ചത്. അതേസമയം തിരിച്ചുവരവിന് ശ്രമിക്കുന്ന സെന്‍സെക്സ് നിലവില്‍(10.00 എ.എം) 254 പോയിന്റ് നഷ്ടത്തില്‍ 55,374ലും നിഫ്റ്റി 91.15 പോയിന്റ് താഴ്ന്ന് 16,477ലുമാണ്. വാരാന്ത്യ ദിവസമായതിനാല്‍ തന്നെ വില്‍പ്പനസമ്മര്‍ദം കടുക്കുമെന്നാണു വിലയിരുത്തല്‍. ഇന്നലെ മുഹറം പ്രമാണിച്ച് വിപണികള്‍ അടഞ്ഞുകിടന്നതും ലാഭമെടുപ്പിനു ആക്കം കൂട്ടി.
സ്മോള്‍ക്യാപ്, മിഡ്ക്യാപ് സൂചികകളിലും നഷ്ടം പ്രകടമാണ്. ലോഹം, വാഹനം, ഫാര്‍മ തുടങ്ങി എല്ലാ ഓഹരികളും നഷ്ടത്തിലാണ്. സി.ഇ.ഒ. നിതിന്‍ ചുഗ് രാജിവച്ചതോടെ ഉജീവന്‍ സ്മോള്‍ ഫിനാന്‍സ് ബാങ്ക് ഓഹരികള്‍ ഏഴു ശതമാനത്തോളം ഇടിഞ്ഞു. ബി.എസ്.ഇയില്‍ തെരഞ്ഞെടുത്ത 30 ഓഹരികളില്‍ 10 എണ്ണം മാത്രമാണ് നേട്ടത്തിലുള്ളത്. ഏഷ്യന്‍ പെയിന്റ്‌സ്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, ഭാരതി എയര്‍ടെല്‍, ബജാജ് ഫിനാന്‍സ്, മാരുതി, എച്ച്.ഡി.എഫ്.സി, സണ്‍ഫാര്‍മ, എന്‍.ടി.പി.സി. ഓഹരികള്‍ നേട്ടത്തിലാണ്. അതേസമയം നെസ്ലെ ഇന്ത്യ, ഇന്‍ഫോസിസ്, ടൈറ്റാന്‍, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ഐ.ടി.സി, ടി.സി.എസ്, പവര്‍ഗ്രിഡ്, ആക്സിസ് ബാങ്ക്, റിലയന്‍സ് ഓഹരികള്‍ നഷ്ടത്തിലാണ്.
വിദേശനിക്ഷേപകര്‍ അകന്നുനിന്നാല്‍ ഇന്ന് വിപണികളുടെ തിരിച്ചുവരവ് ബുദ്ധിമുട്ടാകും. കോര്‍പ്പറേറ്റ് കമ്പനികളുടെ വരുമാനകണക്കുകളും കഴിഞ്ഞ ദിവസങ്ങളില്‍ സൂചികകളെ നിരാശപ്പെടുത്തിയിരുന്നു. ഉത്സവസീസണ്‍ അടുത്തതും ലാഭമെടുപ്പിനു കാരണമാണ്.