കാണാതായ മുൻ സിപിഎം നേതാവ് വീട്ടിൽ തിരിച്ചെത്തി, യാത്ര പോയതെന്ന് സുജേഷ് കണ്ണാട്ട്
തൃശൂർ; കാണാതായ മുൻ സിപിഎം നേതാവ് സുജേഷ് കണ്ണാട്ട് വീട്ടിൽ തിരിച്ചെത്തി. കരുവന്നൂര്‍ സഹകരണ ബാങ്ക് ക്രമക്കേടുമായി ബന്ധപ്പെട്ട് ഒറ്റയാന്‍ സമരം നടത്തിയ മുന്‍ സിപിഎം നേതാവിനെ കാണാനില്ലെന്ന് ഇന്നലെയോടെയാണ് പരാതി ഉയർന്നത്. തുടർന്ന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. അതിനു പിന്നാലെയാണ് ഇന്ന് പുലർച്ചെ രണ്ടു മണിയോടെ സുജേഷ് വീട്ടിലേക്ക് തിരിച്ചെത്തിയത്.
താൻ യാത്ര പോയതാണ് എന്നായിരുന്നു സുജേഷിന്റെ വിശദീകരണം. താൻ സുരക്ഷിതനാണെന്നും വീട്ടിൽ തിരിച്ചെത്തിയെന്നും പറഞ്ഞ് ഫേയ്സ്ബുക്കിൽ പോസ്റ്റ് പങ്കുവെച്ചിരുന്നു. പൊലീസ് കേസ് എടുത്തതിനാൽ ഇയാളെ കസ്റ്റഡിയിൽ എടുത്ത് കോടതിയിൽ ഹാജരാക്കും. ശനിയാഴ്ച രാത്രി മുതലാണ് സുജേഷിനെ കാണാതായത്. ഫോണും സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. ഇന്നലെ ഉച്ചതിരിഞ്ഞാണ് കുടുംബാംഗങ്ങള്‍ പൊലീസില്‍ പരാതി നല്‍കിയത്. ഇയാള്‍ക്കെതിരെ ഭീഷണി ഉണ്ടായിരുന്നതായും കുടുംബം ആരോപിക്കുന്നു.
മാടായിക്കോണം ബ്രാഞ്ച് അംഗമാണ് സുജീഷ്. പരസ്യമായി പാര്‍ട്ടിക്കാരെ തിരുത്താന്‍ ശ്രമിച്ചത് ഭീഷണിക്ക് കാരണമായിരുന്നു. കരുവന്നൂര്‍ ബാങ്കിന് മുന്നില്‍ ഒറ്റയാന്‍ സമരവും നടത്തിയിരുന്നു. കരുവന്നൂര്‍ ബാങ്കുമായി ബന്ധപ്പെട്ട രേഖള്‍ ഇയാളുടെ കൈയില്‍ ഉണ്ടായിരുന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഒറ്റയാന്‍ സമരം നടത്തിയതിന് പിന്നാലെ പാര്‍ട്ടി അയാള്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു