എല്ലാ ആശയങ്ങളും പഠിപ്പിക്കണം; കണ്ണൂര്‍ സര്‍വകലാശാലയിലെ വിവാദ സിലബസിനെ പിന്തുണച്ച് ഗവര്‍ണര്‍
തിരുവനന്തപുരം: കണ്ണൂര്‍ സര്‍വകലാശാലയിലെ വിവാദ സിലബസിനെ പിന്തുണച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. വ്യത്യസ്തമായ ആശയങ്ങള്‍ പഠനവിധേയമാക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് അവസരം ലഭിക്കണം. വിദ്യാര്‍ഥികളുടെ ചിന്താശേഷി വികസിക്കാനും നവീനമായ ആശയങ്ങളിലേക്ക് എത്താനും ഇത് കാരണമാകും. ഇത്തരം നവീന ആശയങ്ങളുള്ളവര്‍ക്കാണ് ലോകത്തിന്റെ പുരോഗതിയില്‍ സംഭാവനകള്‍ നല്‍കാനാകൂ എന്നത് അംഗീകരിക്കപ്പെട്ട ഒരു വസ്തുതയാണെന്നും അദ്ദേഹം വ്യക്തമാക്കി.
കാര്യങ്ങള്‍ പഠിച്ച ശേഷം എന്തെങ്കിലും തരത്തിലുള്ള വിയോജിപ്പുകള്‍ ഉണ്ടെങ്കില്‍ അത് പ്രകടിപ്പിക്കുന്നതാണ് ശരിയായ രീതി. അസഹിഷ്ണുത പ്രകടിപ്പിക്കുന്നവര്‍ വ്യത്യസ്തമായ കാഴ്ചപ്പാടുകളെ പഠിപ്പിക്കാന്‍ തയ്യാറാകാത്തതാണ് പ്രശ്‌നം. ഏത് ആശയമായാലും പഠനവിധേയമാക്കിയാല്‍ മാത്രമേ കൂടുതല്‍ സൃഷ്ടിപരമായ ചിന്തകള്‍ ഉണ്ടാകൂ. വിചാരധാര പഠിപ്പിക്കുന്നതില്‍ തെറ്റില്ല. വിദ്യാര്‍ഥികള്‍ പഠിച്ചശേഷം സംവാദങ്ങളില്‍ ഏര്‍പ്പെടണമെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.
വൈവിദ്ധ്യങ്ങളാണ് ഇന്ത്യയുടെ കരുത്തെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വ്യക്തമാക്കി. സര്‍വകലാശാലകളില്‍ എല്ലാ ആശയങ്ങളും പഠിപ്പിക്കണം. വിവാദപരമായതും എതിര്‍പ്പുള്ളതുമായ എല്ലാ ആശയങ്ങളും പഠിക്കണമെന്നും
ഗവര്‍ണര്‍ പറഞ്ഞു.
കണ്ണൂര്‍ സര്‍വകലാശലയിലെ എം എ ഗവേണന്‍സ് ആന്‍ഡ് പൊളിറ്റിക്‌സ് പാഠ്യപദ്ധതിയില്‍ ഹിന്ദുത്വത്തെക്കുറിച്ചുള്ള ഭാഗത്ത് ഗോള്‍വാള്‍ക്കര്‍ അടക്കമുള്ളവരുടെ പുസ്തകങ്ങള്‍ ഉള്‍പ്പെടുത്തിയതാണ് വിവാദത്തിന് കാരണമായത്. സര്‍വകലാശാല പാഠ്യപദ്ധതി കാവിവത്കരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കൂട്ട് നില്‍ക്കുകയാണെന്നാണ് പ്രതിപക്ഷ ആരോപിക്കുന്നത്. കഴിഞ്ഞ വര്‍ഷമാണ് ബ്രണ്ണന്‍ കോളേജില്‍ എം എ ഗവേണന്‍സ് എന്ന പുതിയ കോഴ്‌സ് ആരംഭിച്ചത്. അതില്‍ ഈ വര്‍ഷം തുടങ്ങാനിരിക്കുന്ന മൂന്നാം സെമസ്റ്ററിലെ 'തീംസ് ഇന്‍ ഇന്ത്യന്‍ പൊളിറ്റിക്കല്‍ തോട്ട്' എന്ന പേപ്പര്‍ ചര്‍ച്ച ചെയ്ത് പഠിക്കാന്‍ നിര്‍ദേശിച്ചതില്‍ ഒരു ഭാഗം ഹിന്ദുത്വത്തെക്കുറിച്ചാണ്.
സംഭവം വിവാദമായതോടെ വിവാാദ സിലബസിനെ പിന്തുണച്ച് വൈസ് ചാന്‍സലര്‍ ഗോപിനാഥ് രാവീന്ദ്രന്‍ അടക്കമുള്ളവര്‍ രംഗത്ത് വന്നിരുന്നു. വിവാദം ശക്തമായതോടെ സവര്‍ക്കറുടെയും ഗോള്‍വാള്‍ക്കറുടെയും കൃതികള്‍ ഉള്‍പ്പെടുത്തിയതില്‍ അപാകതയുണ്ടോ എന്ന പഠിക്കാന്‍ പ്രത്യേക സമിതിയെ നിയോഗിച്ചു. കേരള സര്‍വകലാശാല മുന്‍ പ്രോ വൈസ് ചാന്‍സലര്‍ ഡോ. ജെ പ്രഭാഷ്, കാലിക്കറ്റ് സര്‍വകലാശാലയിലെ റിട്ട. പ്രൊഫസര്‍ ഡോ. കെ വി പവിത്രന്‍ എന്നിവരാണ് സമിതിയംഗങ്ങള്‍. ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കും. പ്രത്യേക സമിതിയെ നിയമിച്ചെങ്കിലും ഗോള്‍വാള്‍ക്കറെയും സവര്‍ക്കറെയും വിദ്യാര്‍ഥികള്‍ പഠിക്കണമെന്ന നിലപാടിലാണ് കണ്ണൂര്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലറുള്ളത്. അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ട് ലഭിച്ചശേഷം സിലബസ് മാറ്റണോ എന്നു തീരുമാനിക്കുമെന്നും ഇതു സംബന്ധിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചെന്നും ഡോ ഗോപിനാഥ് രവീന്ദ്രന്‍ പറഞ്ഞിരുന്നു.
ഹിന്ദുത്വ വര്‍ഗ്ഗീയവാദത്തിന്റെ മുഖങ്ങളായ സവര്‍ക്കര്‍, ഗോള്‍വാക്കര്‍, ദീന്‍ ദയാല്‍ ഉപാധ്യായ, ബാല്‍രാജ് മധോക് ഉള്‍പ്പടെയുള്ളവരുടെ പുസ്തകങ്ങള്‍ സിലബസില്‍ നിന്നും കണ്ണൂര്‍ സര്‍വകലാശാല പിന്‍വലിക്കണമെന്ന് എസ്എഫ്‌ഐ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടിരുന്നു. എസ്എഫ്‌ഐ ജില്ലാ ഭാരവാഹിയായ സര്‍വകലാശാല യൂണിയന്‍ ചെയര്‍മാന്‍ സിലബസിനെ അനുകൂലിച്ച് രംത്തെത്തിയെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു ഇതിന് പിന്നാലെയാണ് സംസ്ഥാന ഭാരവാഹികള്‍ പ്രസ്താവനയിലൂടെ നിലപാട് വ്യക്തമാക്കിയത്.