ചര്‍ച്ചകള്‍ ഫലപ്രദം; ഗവണ്‍മെന്റ് കോണ്‍ട്രാക്ടര്‍മാരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരമാകുന്നു
കോഴിക്കോട്: ഗവണ്‍മെന്റ് കോണ്‍ട്രാക്ടര്‍മാരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം തേടി വിവിധ വകുപ്പുകളുടെ മന്ത്രിമാരുമായി കേരള ഗവണ്‍മെന്റ് കോണ്‍ട്രാക്ടേഴ്സ് ഫെഡറേഷന്‍ നടത്തിയ ചര്‍ച്ചകള്‍ ഫലപ്രദം. ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് വി.കെ.സി. മമ്മദ് കോയയുടെ നേതൃത്വത്തില്‍ പൊതുമരാമത്ത് വകുപ്പു മന്ത്രി പി.എ. മുഹമ്മദ് റിയാസ്, ജലവിഭവ വകുപ്പു മന്ത്രി റോഷി അഗസ്്റ്റിന്‍, തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ എന്നിവരുമായാണ് ചര്‍ച്ച നടത്തിയത്.
2018ലെ ഡല്‍ഹി ഷെഡ്യൂള്‍ റേറ്റ് ( ഡിഎസ്ആര്‍) ഓഗസ്റ്റ് മുതല്‍ നടപ്പില്‍ വരുത്തുക, തദ്ദേശ സ്വയം ഭരണ വകുപ്പില്‍ ടെണ്ടര്‍ എക്സസ് അനുവദിക്കുക, സി.എം.എല്‍.ആര്‍.ആര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ ബില്ലുകള്‍ പാസാക്കുന്നതിന് എക്സിക്യുട്ടീവ് എഞ്ചിനീയര്‍മാര്‍ക്ക് അധികാരം നല്‍കുക, വാട്ടര്‍ അതോറിറ്റി ഗ്ലോബല്‍ ടെണ്ടര്‍ സംവിധാനം ഒഴിവാക്കി എല്ലാ വിഭാഗം കരാറുകാര്‍ക്കും പങ്കെടുക്കാനുള്ള അവസരം ഒരുക്കുക, പൊതുമരാമത്ത് വകുപ്പിലേതിനു സമാനമായി വാട്ടര്‍ അതോറിറ്റിയിലും ബിഡിഎസ് സംവിധാനം നടപ്പില്‍ വരുത്തുക വാട്ടര്‍ അതോറിറ്റി കുടിശിക അടിയന്തരമായി കൊടുത്തു തീര്‍ക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഗവണ്‍മെന്റ്് കോണ്‍ട്രാക്ടേഴ്സ് ഫെഡറേഷന്‍ മന്ത്രിമാര്‍ക്കു മുന്നില്‍ വച്ചത്. കരാറുകാരുടെ പ്രശ്നങ്ങള്‍ അനുഭാവപൂര്‍വ്വം പരിഹരിക്കാമെന്ന് ഉറപ്പു ലഭിച്ചതായി ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് വി.കെ.സി. മമ്മദ് കോയ, ജനറല്‍ സെക്രട്ടറി പി.വി. കൃഷ്ണന്‍ എന്നിവര്‍ അറിയിച്ചു.