ലിനിയുടെ ഓര്‍മ്മകള്‍ക്ക് മരണമില്ല, ഉള്ളിനുള്ളില്‍ പതിഞ്ഞിട്ടുണ്ട് ലിനി എന്ന മാലാഖയുടെ മുഖം: കെകെ ശൈലജ
കണ്ണൂര്‍; : നിപാ വൈറസിനെതിരായ പോരാട്ടത്തിനിടെ ജീവന്‍ നഷ്ടപ്പെട്ട സിസ്റ്റര്‍ ലിനിയെ സ്മരിച്ച് മുന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ. ലിനിയുടെ ഓര്‍മ്മകള്‍ക്ക് മരണമില്ലെന്ന് മട്ടന്നൂര്‍ എംഎല്‍എ കൂടിയായ കെകെ ശൈലജ ഫേസ്ബുക്കില്‍ കുറിച്ചു.ഈ ദിനം ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ കഴിയില്ലെന്ന് പറഞ്ഞുകൊണ്ടാണ് ശൈലജ ടീച്ചറുടെ ഫേസ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്. അത്രയേറെ തീവ്രതയോടെ ഉള്ളിനുള്ളില്‍ പതിഞ്ഞിട്ടുണ്ട് ലിനി എന്ന ജീവത്യാഗിയായ മാലാഖയുടെ മുഖം.
ആദ്യഘട്ടത്തില്‍ വൈറസ് ബാധിച്ച 18 പേരില്‍ 16 പേരെയും നമുക്ക് നഷ്ടപ്പെട്ടിരുന്നു. രോഗപ്പകര്‍ച്ച കൂടിയ വൈറസ് ആയിരുന്നിട്ടും കൂടുതല്‍ ആളുകളിലേക്ക് രോഗപ്പകര്‍ച്ച തടയാന്‍ കഴിഞ്ഞത് വലിയ നേട്ടമാണെന്നും ശൈലജ പറഞ്ഞു.
രോഗബാധിതരെ ശുശ്രൂഷിക്കുന്നതിനിടെയാണ് ലിനിക്ക് വൈറസ് ബാധയേല്‍ക്കുന്നതെന്നും ശൈലജ പറയുന്നു. 'നിപ വൈറസ് ബാധിച്ചവരെ ശുശ്രൂഷിക്കുന്നതിനിടെയാണ് ലിനി സിസ്റ്റര്‍ക്ക് രോഗം ബാധിക്കുന്നത്. താന്‍ മരണത്തിലേക്ക് അടുക്കുകയാണെന്ന് അറിഞ്ഞിട്ടും പ്രിയ ഭര്‍ത്താവിന് എഴുതിയ കത്ത് ഇന്നും ഏറെ വേദന നിറയ്ക്കുന്നു' ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
കേരളത്തിന്റെ പോരാട്ട ഭൂമിയിലെ ഒരു ധീര നക്ഷത്രമായ ലിനിയുടെ ഓര്‍മകള്‍ക്ക് മുന്‍പില്‍ ഒരുപിടി രക്തപുഷ്പങ്ങള്‍ എന്ന് പറഞ്ഞാണ് ശൈലജ ടീച്ചര്‍ കുറിപ്പ് അവസാനിക്കുന്നത്.