ജനുവരി-മാര്‍ച്ച് പാദത്തില്‍ 6,734 കോടി രൂപ അറ്റാദായം നേടി ഓഎന്‍ജിസി
ജനുവരി - മാര്‍ച്ച് കാലത്ത് സാമ്പത്തിക ഫലം ഓഎന്‍ജിസി പുറത്തുവിട്ടു 6,734 കോടി രൂപയാണ് കമ്പനി അറ്റാദായം കുറിച്ചത്. കൃത്യം ഒരു വര്‍ഷം മുന്‍പ് ഇതേ കാലത്ത് 3,214 കോടി രൂപ നഷ്ടത്തിലായിരുന്നു.
കോവിഡ് കേസുകള്‍ കുറഞ്ഞതിനെ തുടര്‍ന്ന് സമ്പദ്ഘടന ഉണര്‍ന്നതും എണ്ണവില ഉയര്‍ന്നതും മാര്‍ച്ചില്‍ കമ്പനിക്ക് തുണയായി. അറ്റാദായത്തില്‍ 18.4 ശതമാനം വര്‍ധനവ് കുറിക്കാന്‍ ഇത്തവണ ഓഎന്‍ജിസിക്ക് സാധിച്ചു. മാര്‍ച്ച് പാദം ബാരലിന് 58.05 ഡോളര്‍ നിരക്കിലാണ് എണ്ണ വ്യാപാരം നടന്നത്. കഴിഞ്ഞവര്‍ഷം ഇതേകാലത്ത് എണ്ണയുടെ ബാരല്‍ വില 49.01 ഡോളര്‍ മാത്രമായിരുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ പൂര്‍ണ ചിത്രം വിലയിരുത്തിയാല്‍ 16.5 ശതമാനം ഇടിവ് ലാഭത്തിലും 29.2 ശതമാനം ഇടിവ് മൊത്ത വരുമാനത്തിലും ഓഎന്‍ജിസിക്ക് സംഭവിച്ചിട്ടുണ്ട്. 2020-21 സാമ്പത്തിക വര്‍ഷം കമ്പനിയുടെ ലാഭം 11,246 കോടി രൂപയിലും മൊത്ത വരുമാനം 68,141 കോടി രൂപയിലുമാണ് എത്തിനിന്നത്.
രാജ്യം സമ്പൂര്‍ണ ലോക്ക്ഡൗണ്‍ നടപടികള്‍ സ്വീകരിച്ചിട്ടും മുന്‍വര്‍ഷത്തെ ക്രൂഡ് ഉത്പാദനത്തിന് അരികെയെത്താന്‍ തങ്ങള്‍ക്ക് സാധിച്ചതായി കമ്പനി അറിയിച്ചു. പ്രകൃതി വാതക ഉത്പാദനത്തിലുള്ള ഇടിവ് താത്കാലികം മാത്രമാണ്. കോവിഡ് ഭീതിയില്‍ ഡിമാന്‍ഡ് കുറഞ്ഞതാണ് പ്രകൃതി വാതക ഉത്പാദനം കുറയാന്‍ കാരണം. ഇതോടെ കണ്‍ടന്‍സേറ്റ്, മൂല്യവര്‍ധിത ഉത്പന്നങ്ങളുടെ ഉത്പാദനവും മന്ദഗതിയിലായി, ഓഎന്‍ജിസി പറഞ്ഞു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 10 പുതിയ എണ്ണപ്പാടങ്ങളാണ് കമ്പനി കണ്ടെത്തിയത്. ഇതില്‍ മൂന്നെണ്ണം കരയിലും ഏഴെണ്ണം ഉള്‍ക്കടലിലുമാണെന്ന് ഓഎന്‍ജിസി അറിയിച്ചു. മാര്‍ച്ച് പാദത്തിലെ കണക്കുകള്‍ മുന്‍നിര്‍ത്തി ഓഹരിയുടമകള്‍ക്ക് പ്രതിഓഹരിക്ക് 1.85 രൂപ വീതം ലാഭവിഹിതം നല്‍കാന്‍ കമ്പനി ശുപാര്‍ശ ചെയ്തിട്ടുണ്ട്. ഇതുംകൂടി ഉള്‍പ്പെടുത്തിയാല്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം പ്രതിഓഹരിക്ക് കമ്പനി പ്രഖ്യാപിച്ച ലാഭവിഹിതം 3.60 രൂപയായിട്ടുണ്ട്.