ദില്ലി: ഓപ്പറേഷന്‍ സിന്ദൂര്‍ വിജയകരമായിരുന്നുവെന്ന് ഇന്ത്യന്‍ സേന. ഇന്ത്യയ്‌ക്കെതിരേ പാകിസ്താന്‍ പ്രയോഗിച്ചത് ചൈനീസ് നിര്‍മിത മിസൈല്‍ ആയിരുന്നുവെന്നുവെന്നും അവ ഇന്ത്യ തകര്‍ത്തതായും സേന വ്യക്തമാക്കി. ചൈനീസ് നിര്‍മ്മിത പിഎല്‍ 15 മിസൈല്‍ ആണ് ഇന്ത്യ തകര്‍ത്തത്.
ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട ദൃശ്യങ്ങളടക്കം പ്രദര്‍ശിപ്പിച്ചുകൊണ്ട് നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു സേന ഇക്കാര്യം വ്യക്തമാക്കിയത്. വാര്‍ത്താസമ്മേളനത്തില്‍ വൈസ് അഡ്മിറല്‍ എ.എന്‍. പ്രമോദ്, ലെഫ്റ്റനന്റ് ജനറല്‍ രാജീവ് ഘായ്, എയര്‍ മാര്‍ഷല്‍ എ.കെ. ഭാരതി തുടങ്ങിയവര്‍
പങ്കെടുത്തു. ആവശ്യമെങ്കില്‍ അടുത്ത മിഷന് തയ്യാറാണെന്നും സേന വ്യക്തമാക്കി.
പാക് താവളങ്ങള്‍ ഇന്ത്യന്‍ സേന തകര്‍ക്കുന്ന ദൃശ്യങ്ങള്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കുവെച്ചു. നൂര്‍ഖാന്‍ വ്യോമതാവളത്തിലെ തിരിച്ചടിയുടെ ദൃശ്യങ്ങളും റഹീമാ ഖാന്‍ വിമാനത്താവളത്തിന്റെ റണ്‍വേ തകര്‍ത്തതിന്റെ ദൃശ്യങ്ങളും സേന പങ്കുവെച്ചു. ഇന്ത്യന്‍ എയര്‍ഫീല്‍ഡ് സുരക്ഷിതമാണെന്ന്
സേന വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ഇന്ത്യയുടെ ഫയര്‍വാള്‍ തകര്‍ക്കാന്‍ പാകിസ്താന് സാധിച്ചില്ലെന്ന് എയര്‍ മാര്‍ഷല്‍ എ.കെ. ഭാരതി പറഞ്ഞു. ഇന്ത്യ തകര്‍ത്ത ഡ്രോണുകള്‍ ചൈന, തുര്‍ക്കി എന്നിവിടങ്ങളില്‍ നിന്നുള്ളവയായിരുന്നുവെന്നും സേന അറിയിച്ചു. കറാച്ചിയിലെ വ്യോമതാവളത്തിലും സൈന്യം ആക്രമണം നടത്തിയെന്നും സ്ഥിരീകരിച്ചു.
ഭീകരവാദികള്‍ക്കുവേണ്ടി പാക് സൈന്യം ഇടപെടാന്‍ തീരുമാനിച്ചത് ഏറെ അപലപനീയമാണ്. ഇന്ത്യ പ്രതികരിക്കാന്‍ തീരുമാനിച്ചത് ഇതിനാലാണെന്നും എയര്‍മാര്‍ഷല്‍ എ.കെ. ഭാരതി പറഞ്ഞു. പാക് സൈന്യത്തോടല്ല, ഭീകരരോടാണ് തങ്ങളുടെ പോരാട്ടമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍, പാക് സൈന്യം ഇടപെട്ട് ഭീകരര്‍ക്കുവേണ്ടി പോരാടാന്‍ തീരുമാനിക്കുകയായിരുന്നെന്നും അതേരീതിയില്‍ പ്രതികരിക്കാന്‍ ഇന്ത്യന്‍ സേന നിര്‍ബന്ധിതരായെന്നും സേന വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.