മുത്തൂറ്റ് ഫിനാന്‍സ് വായ്പാ ആസ്തികളില്‍ 25 ശതമാനം വര്‍ധനവ്


കൊച്ചി: മുത്തൂറ്റ് ഫിനാന്‍സിന്റെ സംയോജിത വായ്പാ ആസ്തികളില്‍ വന്‍ വര്‍ധനവ്. നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ മുന്‍വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 25 ശതമാനം വര്‍ധനവോടെ  58,135 കോടി രൂപയിലെത്തി. സംയോജിത അറ്റാദായം വാര്‍ഷികാടിസ്ഥാനത്തില്‍ 14 ശതമാനം വര്‍ധിച്ച് 979 കോടി രൂപയായി. കൈകാര്യം ചെയ്യുന്ന ആസ്തികള്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പാദത്തിലെ 58,280 കോടി രൂപയില്‍ നിന്ന് 145 കോടി രൂപ കുറഞ്ഞ് നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ 58,135 കോടി രൂപയിലെത്തി.

നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ മുത്തൂറ്റ് ഫിനാന്‍സ് 969 കോടി രൂപയുടെ സംയോജിത ലാഭവും സബ്‌സിഡിയറികള്‍ പത്തു കോടി രൂപയുടെ സംയോജിത ലാഭവും കൈവരിച്ചു. രാജ്യത്ത്  കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗവും സംസ്ഥാന, മേഖലാ തലങ്ങളില്‍ ലോക്ഡൗണുകളും ഉണ്ടായ സാഹചര്യത്തിലും ഈ സാമ്പത്തിക വര്‍ഷത്തിന്റെ ഒന്നാം പാദത്തില്‍ തങ്ങള്‍ ശാഖകള്‍ തുറക്കാനും സേവനങ്ങള്‍ നിലനിര്‍ത്താനും സാധ്യമായതെല്ലാം ചെയ്തു എന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ ചെയര്‍മാന്‍ ജോര്‍ജ്ജ് ജേക്കബ്ബ് മുത്തൂറ്റ് ചൂണ്ടിക്കാട്ടി. ത്രൈമാസാടിസ്ഥാനത്തില്‍ സംയോജിത വായ്പാ ആസ്തികള്‍ നിലനിര്‍ത്താന്‍ സാധിച്ചതില്‍ എല്ലാ ജീവനക്കാരോടും നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വായ്പാ ആസ്തികള്‍ 25 ശതമാനം വര്‍ധിച്ച് 58,135 കോടി രൂപയിലെത്തിയതായും അദ്ദേഹം ചൂണ്ടിക്കാട്ടി. തുടര്‍ന്നു കൊണ്ടിരിക്കുന്ന അനിശ്ചിതത്വവും പ്രവചനാതീതമായ വായ്പാ സ്വഭാവങ്ങളും കണക്കിലെടുത്ത് സ്വര്‍ണ പണയം ഒഴികെയുള്ള എല്ലാ വായ്പകളും മന്ദഗതിയിലാക്കാന്‍ തങ്ങള്‍ ബോധപൂര്‍വ്വം തീരുമാനിച്ചതായി ഇതേക്കുറിച്ചു പ്രതികരിച്ച മാനേജിങ് ഡയറക്ടര്‍ ജോര്‍ജ്ജ് അലക്‌സാണ്ടര്‍ മുത്തൂറ്റ് പരഞ്ഞു. സ്വര്‍ണ പണയം ഒഴികെയുള്ള വായ്പകളുടെ കാര്യത്തില്‍ തങ്ങള്‍ തന്ത്രങ്ങള്‍ പുനര്‍ രൂപകല്‍പന ചെയ്യുകയാണ്. സ്ഥിതിഗതികള്‍ മെച്ചപ്പെടുമ്പോള്‍ ശക്തരായി ഉയര്‍ന്നു വരാനാകുമെന്ന് ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. സ്വര്‍ണ പണയ രംഗത്ത് വരുന്ന മൂന്നു ത്രൈമാസങ്ങളില്‍ 15 ശതമാനം വളര്‍ച്ചയാണ് തങ്ങള്‍ ലക്ഷ്യം വെക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ, 2021 സാമ്പത്തിക വര്‍ഷം 3,722 കോടി രൂപയാണ് മുത്തൂറ്റ് ഫിനാന്‍സ് അറ്റാദായം കൈവരിച്ചത്. മുന്‍വര്‍ഷത്തെ 3,018 കോടി രൂപയെ അപേക്ഷിച്ച് 23 ശതമാനം വര്‍ധനവാണിത്. കമ്പനിയുടെ വായ്പാ ആസ്തികള്‍ 2021 മാര്‍ച്ച് 31-ലെ കണക്കു പ്രകാരം 26 ശതമാനം വര്‍ധനവോടെ 52,622 കോടി രൂപയിലും എത്തി. മികച്ച സാമ്പത്തിക ചിത്രം കണക്കിലെടുത്ത് പത്തു രൂപ മുഖവിലയുള്ള ഓഹരികള്‍ക്ക് 200 ശതമാനം ലാഭവിഹിതം നല്‍കാനും കമ്പനി കഴിഞ്ഞതവണ തീരുമാനിച്ചിരുന്നു. നിലവില്‍ ജോര്‍ജ് ജേക്കബ്ബാണ് മുത്തൂറ്റ് ഫിനാന്‍സിന്റെ ചെയര്‍മാന്‍. കഴിഞ്ഞ വര്‍ഷം ക്രിസിലും ഐസിആര്‍എയും ദീര്‍ഘകാല വായ്പാ റേറ്റിങ് എഎ പ്ലസ് ആയി ഉയര്‍ത്താന്‍ മുത്തൂറ്റ് ഫിനാന്‍സിന് സാധിച്ചിട്ടുണ്ട്. ക്രിസില്‍, ഐസിആര്‍എ റേറ്റിങ് ഏജന്‍സികളില്‍ നിന്ന് എഎ പ്ലസ് റേറ്റിങ് സ്വന്തമാക്കിയിട്ടുള്ള ഏക സ്വര്‍ണ പണയ എന്‍ബിഎഫ്സി എന്ന നേട്ടവും മുത്തൂറ്റിന് മാത്രം സ്വന്തം. തുടര്‍ച്ചയായി ലാഭവിഹിതം നല്‍കുന്ന പതിവ് കഴിഞ്ഞതവണയും കമ്പനി പിന്തുടര്‍ന്നു. ഓഹരി ഒന്നിന് 20 രൂപ വീതം ലാഭവിഹിതം നല്‍കാന്‍ മുത്തൂറ്റ് ജൂണില്‍ തീരുമാനിച്ചത്. 2021 സാമ്പത്തിക വര്‍ഷം കമ്പനിയുടെ ആകെ വായ്പാ ആസ്തി 24 ശതമാനം വര്‍ധിച്ച് 58,280 കോടി രൂപയിലാണ് എത്തിയത്. നികുതിക്കു ശേഷമുള്ള സംയോജിത ലാഭം 
21 ശതമാനം വര്‍ധിച്ച് 3,819 കോടി രൂപയും കഴിഞ്ഞതവണ രേഖപ്പെടുത്തി.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media