സംസ്ഥാനത്ത് മിനിമം ബസ് ചാര്‍ജ് പത്ത് രൂപ ആയേക്കും; തീരുമാനം ഉടന്‍
തിരുവനന്തപുരം: സംസ്ഥാനത്ത് യാത്രക്കൂലി വര്‍ധനയ്ക്ക് കളമൊരുങ്ങുന്നു. മിനിമം ബസ് ചാര്‍ജ് പത്തുരൂപയാക്കാന്‍ ധാരണ.തീരുമാനം ഈ മാസം പതിനെട്ടിനകം ഉണ്ടാകും. വിദ്യാര്‍ഥികളുടെ യാത്രാ നിരക്കും വര്‍ധിക്കണമെന്ന ആവശ്യം സര്‍ക്കാരിന് മുന്നില്‍ ഉണ്ടെങ്കിലും വിശദമായ കൂടിയാലോചനകള്‍ക്ക് ശേഷമേ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാകൂ.
സ്വകാര്യ ബസ് ഉടമകളുമായി നടത്തിയ ചര്‍ച്ചയില്‍ ചാര്‍ജ് വര്‍ധന അടക്കമുള്ള കാര്യങ്ങളില്‍ ഗതാഗത മന്ത്രി അനുകൂല നിലപാടെടുത്തതോടെ ഇന്ന് മുതല്‍ തുടങ്ങാനിരുന്ന അനിശ്ചിതകാസ സ്വകാര്യ ബസ് സമരം പിന്‍വലിച്ചിരുന്നു.
ഇന്ധന വില കുതിക്കുന്ന പശ്ചാത്തലത്തില്‍ വിദ്യാര്‍ഥികളുടെ ഉള്‍പ്പെടെ യാത്രാനിരക്ക് വര്‍ധിപ്പിക്കണമെന്നും ഡീസല്‍ ഇന്ധന സബ്‌സിഡി നല്‍കണമെന്നതടക്കമുള്ള ആവശ്യങ്ങള്‍ മുന്നോട്ട് വെച്ചാണ് ബസ് ഉടമകള്‍ സമരം പ്രഖ്യാപിച്ചത്. മിനിമം ചാര്‍ജ് എട്ട് രൂപയില്‍ നിന്നും 12 രൂപ ആക്കുക, കിലോമീറ്റര്‍ നിരക്ക് നിലവിലെ 90 പൈസ എന്നതില്‍ നിന്നും ഒരു രൂപ ആക്കി വര്‍ദ്ധിപ്പിക്കുക, കൊവിഡ് കാലം കഴിയുന്നത് വരെ ബസുകളുടെ വാഹന നികുതി പൂര്‍ണമായി ഒഴിവാക്കുക എന്നിവയാണ് സ്വകാര്യ ബസ് പ്രതിനിധികള്‍ മുന്നോട്ട് വെച്ച ആവശ്യങ്ങള്‍. കൊവിഡ് പശ്ചാത്തലത്തില്‍ 60 ശതമാനം ബസുകള്‍ മാത്രമാണ് നിരത്തിലിറക്കിയിട്ടുള്ളു എന്നും അതില്‍ തന്നെ ആളുകളുടെ എണ്ണം വളരെ കുറവായതിനാല്‍ പ്രതിസന്ധിയിലാണെന്നും ബസ് ഉടമകള്‍ പറയുന്നു.